സച്ചിനൊപ്പം ഓപ്പണ്‍ ചെയ്തവരില്‍ മഹാഭാഗ്യവാന്‍, ഒരൊറ്റ കളിപോലും രാജ്യത്തിനായി കളിക്കാനാകാത്ത നിര്‍ഭാഗ്യവാനായ വിദേശി

ധനേഷ് ദാമോധരന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം കളിക്കുക.അത് ഒരേ ടീമിലായാലും ,എതിരായാലും .ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും ആ കാലഘട്ടത്തിലെ സ്വപ്നമായിരുന്നു അത് .സച്ചിന്‍ കളിക്കുന്ന ഏതെങ്കിലും ഒരു മത്സരത്തില്‍ ,ഏതെങ്കിലും ഒരു രീതിയില്‍ ,ബോള്‍ ബോയ് ആയെങ്കിലും ഭാഗഭാക്കാവാന്‍ പറ്റിയാല്‍ അത് ഭാഗ്യം എന്ന് കരുതുന്ന ഒരു കാലഘട്ടം .

എന്നാല്‍ ഇതിനൊക്കൊ അപ്പുറം സച്ചിനൊപ്പം പവലിയനില്‍ നിന്നും പാഡു കെട്ടി ,കാണികളുടെ കരഘോഷത്തിനിടയിലൂടെ ഗ്രൗണ്ടിലേക്ക് ഇന്നിങ്ങ്‌സ് ഓപ്പണ്‍ നിറങ്ങുക .ഓരോ ക്രിക്കറ്ററുടെയും ജീവിത അഭിലാഷമാകും അത് .അതിന് ഭാഗ്യം ലഭിച്ചതാകട്ടെ അത്യപൂര്‍വം ചിലര്‍ക്കും .

IPL എന്ന മഹാമേള തുടങ്ങുന്നതിന് മുന്‍പ് ജയസൂര്യക്കൊപ്പവും പോണ്ടിംഗിനൊപ്പവും സച്ചിനും ഒരേ ടീമില്‍ കളിക്കുക എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു .അതു പോലുള്ള സ്വപ്നങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സാധ്യമാക്കിക്കൊടുത്തു എന്നത് തന്നെയാണ് IPL ക്രിക്കറ്റു ലോകത്ത് കൊണ്ടു വന്ന വിപ്ലവം .

സച്ചിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യല്‍ .അതും ഒരു അന്താരാഷ്ട്ര മത്സരം പോലും തന്റെ രാജ്യത്തിനു വേണ്ടി കളിക്കാത്ത ഒരാള്‍ . ഔദ്യോഗിക പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ അങ്ങനെയൊരു ഭാഗ്യം ലഭിച്ച ഇന്ത്യക്കാരനല്ലാത്ത ഒരേ ഒരാളേ ഉണ്ടാകാന്‍ വഴിയുള്ളൂ .

ആസ്‌ട്രേലിയക്കാരനായ എയ്ഡന്‍ ക്രെയ്ഗ് ബ്ലിസ്സാര്‍ഡ് എന്ന ഇടങ്കയ്യന്‍ വെടിക്കെട്ടുകാരനാണ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ആ അവസരം ലഭിച്ചിട്ടുള്ളത് .

വളരെ മികച്ച ടീമായിട്ടും സച്ചിനെപ്പോലുള്ള മഹാരഥന്‍മാര്‍ ഉണ്ടായിട്ടും IPL ല്‍ 2008 ല്‍ അഞ്ചാമതും 2009 ല്‍ ഏഴാമതും എത്തി നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച മുംബൈ 2010 ല്‍ ഫൈനലിലെത്തിയെങ്കിലും കപ്പ് അകന്നു .

വിലോഭനീയമായ ആ കപ്പില്‍ മുത്തമിടാന്‍ പറ്റാത്തത് വല്ലാതെ അലോസരപ്പെടുത്തിയതോടെ മുംബൈ മാനേജ്‌മെന്റ് വിജയം മാത്രം ലക്ഷ്യമിട്ട് നാലാം സീസണ്‍ 2011 ല്‍ സച്ചിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാനെ തേടിയുള്ള യാത്രയാണ് ബ്ലിസാര്‍ഡില്‍ എത്തിയത് .സച്ചിനൊപ്പം ബ്ലിസാര്‍ഡ് കൂടി ചേര്‍ന്നതോടെ മുംബൈ കിരിടമടക്കം സ്വപ്നം കണ്ടു .

ഡല്‍ഹിക്കെതിരെ 23 പന്തില്‍ 37 അടിച്ചതു പോലുള്ള ചില പ്രകടനങ്ങള്‍ അതു സാധൂകരിച്ചു .പക്ഷെ നിര്‍ഭാഗ്യവശാല്‍ മുംബൈ പ്ലേ ഓഫില്‍ പുറത്തായി.

എന്നാല്‍ ആ സീസണിലെ IPL സ്വപ്നം പൊലിഞ്ഞെങ്കിലും ചാംപ്യന്‍സ് ലീഗ് T 20 ല്‍ തങ്ങളെ പ്ലേ ഓഫില്‍ തോല്പിച്ച അതേ RCB യെ ഫൈനലില്‍ 31 റണ്‍സിന് തറ പറ്റിച്ച് കിരീടം നേടിയ ടൂര്‍ണമെന്റില്‍ ബ്ലിസാര്‍ഡ് തിളങ്ങി .സെമി ഫൈനലില്‍ സോമര്‍സെറ്റിനെതിരെ പരിക്കേറ്റ സച്ചിന്‍ കളിക്കാതിരുന്നപ്പോള്‍ സമ്മര്‍ദ്ദം ലെവലേശമില്ലാതെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് മനോഹരമായി കളിച്ച ബ്ലിസാര്‍ഡ് 39 പന്തില്‍ 3 സിക്‌സര്‍ അടക്കം 54 റണ്ണടിച്ച് ഒന്നാന്തരം തുടക്കമാണ് ടീമിന് നല്‍കിയത്.

ആ മാച്ചില്‍ കളിയിലെ കേമന്‍ മലിംഗ ആയിരുന്നെങ്കിലും ബ്ലിസാര്‍ഡിന്റെ ഇന്നിങ്‌സ് ശ്രദ്ധേയമായി .IPL ലും CT 20 ലും ഓര്‍മ്മിക്കപ്പെടുന്ന ചില നല്ല ഇന്നിങ്‌സുകള്‍ കളിച്ച് മടങ്ങിയ ബ്ലിസാര്‍ഡ് മുംബൈക്ക് വേണ്ടി 2 IPL സീസണുകളായി 7 മത്സരങ്ങള്‍ കളിച്ചു .

2007 ല്‍ ഒരു ന്യൂ ഇയര്‍ ദിനത്തില്‍ തന്റെ അരങ്ങേറ്റ T20 മത്സരത്തില്‍ 38 പന്തില്‍ 8 തകര്‍പ്പന്‍ സിക്‌സറുകളടക്കം 38 പന്തില്‍ 89 റണ്‍സടിച്ച വെടിക്കെട്ട് ബാറ്റിങ് നടത്തിയതോടെ ക്രിക്കറ്റ് വൃത്തങ്ങളില്‍ സുപരിചിതനായ ബ്ലിസാര്‍ഡ് വിക്ടോറിയയും വെസ്റ്റേണ്‍ ആസ്‌ട്രേലിയയും തമ്മില്‍ നടന്ന ഒരു T20 ഫൈനലില്‍ ഡാനി മക്ഗ്ലാന്റെ ഒരോവറില്‍ 28 റണ്‍സടിച്ചു .
. …………………..

അതില്‍ ഒരു സിക്‌സര്‍ പറന്നത് വാക ഗ്രൗണ്ടിനും അപ്പുറം പ്രാക്ടീസ് നെറ്റിലായിരുന്നു .ലോകം കണ്ട ഏറ്റവും വലിയ സിക്‌സര്‍ ആയി രേഖപ്പെടുത്തി ആ 130 മീറ്റര്‍ സിക്‌സര്‍
………………………

ആ മാച്ചില്‍ 20 പന്തില്‍ 47 റണ്‍സടിച്ചതോടെ ലോകത്തെ പ്രധാന ഫ്രാഞ്ചൈസികള്‍ ബ്ലിസാര്‍ഡിനു മേല്‍ കണ്ണു വെക്കാന്‍ തുടങ്ങി .

ആസേട്രലിയക്കു വേണ്ടി ഒരൊറ്റ ഇന്റര്‍നാഷണല്‍ മാച്ച് പോലും കളിക്കാന്‍ പറ്റാഞ്ഞ നിര്‍ഭാഗ്യവാനായ താരം 12 വര്‍ഷം ആഭ്യന്തര സീസണുകളില്‍ സജീവമായിരുന്നു .പരിക്കുകള്‍ വേട്ടയാടിയെങ്കിലും ലോകത്തുടനീളം T20 ലീഗുകളില്‍ അദ്ദേഹം മികവ് തെളിയിച്ചു .

ബിഗ് ബാഷ് ലീഗില്‍ പ്രധാനമായും ഹൊബാര്‍ട്ട് ഹരിക്കൈന്‍സിനും സിഡ്‌നി തണ്ടേഴ്‌സിനും വേണ്ടിയാണ് പാഡണിഞ്ഞത് .ബിഗ് ബാഷില്‍ വിക്ടോറിയക്കു വേണ്ടി 3 കിരീടം അടക്കം 5 ടൂര്‍ണമെന്റ് വിജയത്തില്‍ പങ്കാളിയായി. ഫസ്റ്റ് ക്ലാസില്‍ സൗത്ത് ആസ്‌ത്രേലിയ ,ടാസ്മാനിയ ,വിക്ടോറിയ എന്നിവര്‍ക്കു വേണ്ടി കളിച്ച ബ്ലിസാര്‍ഡിന് പ്രമുഖര്‍ ഉള്‍പ്പെട്ട ഓസീ ടീമില്‍ ഇടം കിട്ടാഞ്ഞതില്‍ അതീവ നിരാശയുണ്ടായിരുന്നു.

‘Bizz ‘ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇദ്ദേഹം ആകെ 98 T20 മാച്ചുകളില്‍ 132. 37 പ്രഹരശേഷിയോടെയാണ് ബൗളര്‍മാരെ ആക്രമിച്ചത് .വിരമിച്ച ശേഷം തന്റെ ഭാര്യ സ്ഥാപിച്ച ടാലന്റ് മാനേജ്‌മെന്റ് ബിസ്‌നസ്സുമായി സഹകരിച്ചു മുന്നോട്ട് പോകുകയാണ് ഈ T20 സ്‌പെഷലിസ്റ്റ് .

…….ജൂണ്‍ 27… ബ്‌ളിസാര്‍ഡിന്റെ ജന്‍മദിനം …

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like