ഡിആര്‍എസ് വിളിക്കാന്‍ മുംബൈയ്ക്ക് പുറത്ത് നിന്നും സഹായം, പരാതിയുമായി പഞ്ചാബ് ക്യാപ്റ്റന്‍

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഡിആര്‍എസ് വിളിക്കുന്നതില്‍ ‘പുറത്ത് നിന്നും സഹായം’ ലഭിച്ചതായി ആരോപണം. മത്സരത്തിനിടെ ഡഗ് ഔട്ടില്‍ ഇരിക്കുകയായിരുന്ന മുംബൈ താരം ടിം ഡേവിഡ് ഗ്രൗണ്ടില്‍ ഉള്ള താരങ്ങള്‍ക്ക് ഡിആര്‍എസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണു വിവാദത്തിലായത്.

ടിം ഡേവിഡിന്റെ നീക്കം കൃത്യമായി ക്യാമറയില്‍ പതിയുകയും ചെയ്തു. മുംബൈ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നുണ്ടെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ചൂണ്ടിക്കാണിച്ചെങ്കിലും അംപയര്‍ യാതൊരു നടപടിയുമെടുത്തില്ല.

ടിം ഡേവിഡ് ആംഗ്യം കാണിച്ചതിനു പിന്നാലെ മുംബൈ വൈഡിനു വേണ്ടി ഡിആര്‍എസ് എടുക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പഞ്ചാബ് ബോളര്‍ എറിഞ്ഞത് വൈഡാണെന്ന് അംപയര്‍ വിധിച്ചു. മത്സരത്തിന്റെ 15ാം ഓവറിലായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്.

ഡിആര്‍എസ് എടുക്കുന്നതിനായി രണ്ടു വട്ടമാണ് ടിം ഡേവിഡ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു നിര്‍ദേശം നല്‍കിയത്. ടിവിയില്‍ റീപ്ലേ കണ്ട ശേഷമാണ് മുംബൈ ഡഗ് ഔട്ടില്‍നിന്ന് ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങളെ സഹായിച്ചതെന്നാണു വിവരം.

പഞ്ചാബ് ക്യാപ്റ്റന്‍ പരാതിപ്പെട്ടിട്ടുപോലും അംപയര്‍ തീരുമാനത്തില്‍നിന്നു പിന്‍മാറിയില്ലെന്ന് ആരാധകര്‍ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു. മുംബൈയെ സഹായിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്നും ആരോപണമുയര്‍ന്നു. വൈഡിന്റെ സാങ്കേതികതയെച്ചൊല്ലിയും വിവാദം പുകയുകയാണ്.

You Might Also Like