ലോകകപ്പ് ടീമിലെത്തി, പിന്നാലെ നാണംകെട്ട് പുറത്തായി സഞ്ജു സാംസണ്‍

Image 3
CricketCricket News

മലയാളി താരം സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലേക്കുമായിരുന്നു. പക്ഷേ ആരാധകരെ നിരാശരാക്കി മത്സരത്തില്‍ സഞ്ജു സാംസണ്‍ ആദ്യ ഓവറില്‍ തന്നെ ഡക്കായി മടങ്ങുകയായിരുന്നു.

ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ ഓവറില്‍ തന്നെ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മൂന്നു പന്തുകള്‍ മാത്രം നേരിട്ടായിരുന്നു പൂജ്യനായുള്ള സഞ്ജുവിന്റെ മടക്കം.

മത്സരത്തില്‍ നാടകീയ തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് മടങ്ങിയത്. ഒരു റണ്‍സിനാണ് സണ്‍റൈസസ് ഹൈദരാബാദിനോട് രാജസ്ഥാന്‍ റോയല്‍സ് തോറ്റത്. സണ്‍റൈസസ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാനായത്.

നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് അഞ്ച് പന്തില്‍ നാല് റണ്‍സ്. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. സൂര്യകുമാര്‍ യാദവാവട്ടെ, ആറു പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ ശിവം ദുബെ രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേടിയത് നാല് പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം. മാത്രമല്ല ആദ്യമായി ടി20 ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയ യുസ്വേന്ദ്ര ചെഹലും വ്യാഴാഴ്ച നിരാശപ്പെടുത്തി. ഹൈദരാബാദിനെതിരേ നാല് ഓവറില്‍ 62 റണ്‍സ് വഴങ്ങിയ ചെഹലിന് വിക്കറ്റൊന്നും ലഭിച്ചുമില്ല