പിതാവിന്റെ മരണം, സിറാജിനെ കുറിച്ച് നിര്‍ണ്ണായക വിവരം പങ്കുവെച്ച് ബിസിസിഐ

കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ വേദനയിലാഴ്ത്തിയ സംഭവമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവിന്റെ ആകസ്മികമായ മരണം. പിതാവിന്റെ വിയോഗത്തിന്റെ വേദനയില്‍ നില്‍ക്കുമ്പോഴും നാട്ടിലേക്ക് മടങ്ങാതെ ദേശീയ ടീമിനൊപ്പം തുടരാനാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് താത്പര്യം പ്രകടിപ്പിച്ചതെന്ന് ബിസിസിഐ വെളിപ്പെടുത്തിയിരിക്കുന്നു.

നേരത്തെ പിതാവ് മരിച്ചിട്ടും എന്ത് കൊണ്ട് സിറാജിനെ നാട്ടിലേക്ക് മടങ്ങിയില്ല എന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ബിസിസിഐ രംഗത്തെത്തിയത്. സിറാജിന്റേയും കുടുംബത്തിന്റേയും സ്വകാര്യത മാനിക്കണം എന്നും പ്രസ്താവനയില്‍ ബിസിസിഐ ആവശ്യപ്പെടുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കാമെന്ന് സിറാജിനെ അറിയിച്ചിരുന്നു. എന്നാല്‍ ഓസ്ട്രേലിയയില്‍ ടീമിനൊപ്പം തുടരാനാണ് സിറാജ് താത്പര്യപ്പെട്ടത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സിറാജിനും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നതായും ബിസിസിഐ പറഞ്ഞു.

നേരത്തെ സിറാജിന്റെ പിതാവിന്റെ വിയോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും അനുശോചിച്ചിരുന്നു. മുഹമ്മദ് സിറാജിന്റേത് അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണെന്നും ഗാംഗുലി ഫറഞ്ഞു. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സിറാജിന്റെ പിതാവ്.

”പിതാവ് എപ്പോഴും ഇങ്ങനെ പറയുമായിരുന്നു- എന്റെ കുഞ്ഞേ, നീ രാജ്യത്തിന് അഭിമാനമാവണം. അത് ഞാന്‍ ഉറപ്പായും ചെയ്യും. ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന എന്റെ പിതാവ് എത്ര കഷ്ടപ്പെട്ടാണ് ജീവിച്ചതെന്ന് എനിക്കറിയാം. എന്റെ പാഷനായ ക്രിക്കറ്റ് പിന്തുടരാന്‍ എന്നെ സഹായിച്ചതും ഒരുപാട് ബുദ്ധിമുട്ടിയാണ്. ശരിക്കും ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണ്’ സിറാജ് പറഞ്ഞു.

‘എന്റെ ഏറ്റവും വലിയ പിന്തുണയാണ് എനിക്ക് നഷ്ടമായത്. ഞാന്‍ രാജ്യത്തിനായി കളിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും ധൈര്യമായിരിക്കാന്‍ എന്നോട് പറഞ്ഞു. അവര്‍ എനിക്ക് എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കി.”- മരണവിവരം അറിഞ്ഞ സിറാജ് പറഞ്ഞു.

You Might Also Like