മൂന്ന് തവണ ആത്മഹത്യ ചെയ്യാനൊരുങ്ങി, രോഹിത്തിനോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷമി

Image 3
CricketTeam India

കുടുംബ പ്രശ്‌നങ്ങള്‍ താങ്ങാനാകാതെ മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെന്ന് വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇന്ത്യന്‍ ടീമില്‍ സഹതാരമായ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഷമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

അക്കാലത്ത് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. താന്‍ എന്തെങ്കിലും കടുംകൈ ചെയ്‌തേക്കുമെന്ന ഭയത്താല്‍ അന്ന് സുഹൃത്തുക്കള്‍ 24 മണിക്കൂറും തനിക്ക് കാവലിരിക്കുകയായിരുന്നു. വീട്ടുകാരുടെ ഉറച്ച പിന്തുണയില്ലായിരുന്നെങ്കില്‍ തനിക്ക് ക്രിക്കറ്റ് എക്കാലത്തേക്കും നഷ്ടപ്പെട്ടു പോകുമായിരുന്നുവെന്നും ഷമി പറഞ്ഞു.

‘ആ സമയത്ത് എന്റെ ജീവിതം ആകെ ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാന്‍ ആകെ തകര്‍ന്നു. ആ സമയത്ത് മൂന്നു തവണയാണ് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവത്തോടെ ചിന്തിച്ചത്. ഈ പറഞ്ഞത് നീ വിശ്വസിക്കുമോ എന്നുപോലും എനിക്കറിയില്ല. ഞങ്ങള്‍ താമസിച്ചിരുന്ന 24 നിലക്കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഞാന്‍ ചാടുമോയെന്നായിരുന്നു അവരുടെ ഭയം’ രോഹിത്തിനോട് ഷമി പറഞ്ഞു.

മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനുമായുള്ള കുടുംബപ്രശ്‌നങ്ങള്‍ ഒരുകാലത്ത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് 2018ല്‍ ഹസിന്‍ ജഹാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ പൊലിസ് ഷമിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹം കുറേക്കാലം ക്രിക്കറ്റില്‍നിന്നു വിട്ടുനിന്നു. പൊലീസ് കേസായതോടെ ആ വര്‍ഷം ക്രിക്കറ്റ് താരങ്ങളുടെ കരാര്‍ പുതുക്കിയപ്പോള്‍ ബിസിസിഐ ഷമിയുടെ കരാര്‍ തടഞ്ഞുവച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് ബിസിസിഐ അദ്ദേഹത്തെ കരാറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.