ധോണി പഠിപ്പിച്ച് തന്നതാണ് ഇത്, ക്രെഡിറ്റ് അദ്ദേഹത്തിന്, തുറന്ന് പറഞ്ഞ് ജഡേജ

ാൊസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ അതിന് പിന്നിലെ പ്രചോദനം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കാണ് തന്റെ ഇന്നിംഗ്‌സിന്റെ ക്രെഡിറ്റ് മുഴുവനുമെന്ന് ജഡേജ പറയുന്നു.
‘ഇന്ത്യയ്ക്കായും ചെന്നൈ സൂപ്പര്‍ കിങ്‌സിനായും ദീര്‍ഘകാലം കളിച്ച താരമാണ് മഹി ഭായ് (മഹേന്ദ്രസിങ് ധോണി). കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്ന കാര്യത്തില്‍ അദ്ദേഹം നമുക്കു മുന്നില്‍ വഴികാട്ടിയായുണ്ട്. മറുവശത്ത് ഏതു ബാറ്റ്‌സ്മാനാണെങ്കിലും അദ്ദേഹത്തിന് പ്രശ്‌നമില്ല. അവര്‍ക്കൊപ്പം നിലയുറപ്പിക്കാനും അതിനുശേഷം വലിയ ഷോട്ടുകള്‍ കളിക്കാനുമായിരുന്നു എന്നും ശ്രമിച്ചിരുന്നത്’ ജഡേജ ചൂണ്ടിക്കാട്ടി.
‘ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുള്ളത് ഇന്ന് ഏറെ സഹായകമായി. അദ്ദേഹത്തിനൊപ്പം ക്രീസില്‍നിന്നും കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്ന ശൈലി കണ്ടുപഠിച്ചിട്ടുണ്ട്. മത്സരം അവസാന ഓവറുകള്‍ വരെ നീട്ടിയാല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന് അദ്ദേഹം തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അവസാന അഞ്ച് ഓവറുകളില്‍’ ജഡേജ വെളിപ്പെടുത്തി.
‘ഓസ്‌ട്രേലിയയില്‍ വന്ന് അവരെ തോല്‍പ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷം. സ്വന്തം നാട്ടില്‍ അവര്‍ ഇരട്ടി കരുത്തരാണെന്നതു കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സന്തോഷം വര്‍ധിക്കുന്നു’ ജഡജേ പറഞ്ഞു
അപരാജിതമായ ആറാം വിക്കറ്റില്‍ 150 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് കാന്‍ബറയില്‍ ജഡേജ- പാണ്ഡ്യ സഖ്യം ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 13 റണ്‍സിന് ജയിച്ച കളിയില്‍ ഇന്ത്യയ്ക്ക് ബലമായത് വെറും 108 പന്തില്‍നിന്ന് ഇരുവരും അടിച്ചെടുത്ത 150 റണ്‍സ് തന്നെ. ഈ പ്രകടനത്തിനു പിന്നാലെയാണ് ധോണിയാണ് വഴികാട്ടിയെന്ന ജഡേജയുടെ വെളിപ്പെടുത്തല്‍.