വിദേശ ടീമിലേക്ക് ചേക്കേറാന്‍ കരുക്കള്‍ നീക്കി ധോണിയും റെയ്‌നയും

Image 3
CricketIPL

ഐപിഎല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗുകളില്‍ ഒന്നായ ഓസ്ട്രേലിയന്‍ ടി20 ലീഗ് ബിഗ് ബാഷ് കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എംഎസ് ധോണി, സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നിവരെ ടീമിലെത്താന്‍ ബിബിഎല്‍ ടീം അംഗങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് സൂചിപ്പിച്ചിരിക്കുന്നത്.

ഐപിഎല്ലിലെ മോശം ഫോമിനെ തുടര്‍ന്ന് പഴികേള്‍ക്കുന്ന ധോണിയും ഐപിഎല്ലില്‍ നിന്ന് പിണങ്ങി പിരിഞ്ഞ റെയ്നയ്ക്കും ചിലത് തെളിയ്ക്കാന്‍ കൂടിയാണ് ബിഗ് ബാഷ്് വേദി ഉപയോഗപ്പെടുത്തുക. യുവരാജാകട്ടെ തന്റെ ഫിറ്റ്നസ് തെളിക്കാനുളള അവസരമായാണ് ഇതിനെ കാണുന്നത്. മൂവരും രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചതു കൊണ്ട് തന്നെ വിദേശ ടി-20 ലീഗുകളില്‍ കളിക്കുന്നതിന് തടസ്സമില്ല.

ഈ സീസണ്‍ മുതല്‍ ബിബിഎല്‍ ടീമുകളില്‍ മൂന്ന് വിദേശ താരങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയ അനുവദിച്ചിരുന്നു. രണ്ട് വിദേശികളെയാണ് കഴിഞ്ഞ സീസണ്‍ വരെ ഒരു ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളും ഇന്ത്യന്‍ പര്യടനവും കണക്കിലെടുത്താണ് പുതിയ ഇളവ്. ഡിസംബര്‍ മൂന്നിനാണ് പുരുഷ ബിഗ് ബാഷ് മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 17 മുതലാണ് വിമന്‍സ് ബിഗ് ബാഷ് ആരംഭിക്കുക.

നവംബര്‍ 29ന് വിമന്‍സ് ബിബിഎല്‍ അവസാനിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാവും മത്സരങ്ങള്‍ നടത്തുക എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എന്നാല്‍, ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലാവുമോ മത്സരങ്ങള്‍ എന്നതിനെപ്പറ്റി സൂചന ലഭിച്ചിട്ടില്ല.