മറക്കാനാകുമോ വിശാഖപട്ടണത്തെ ആ മഹേന്ദ്രജാലം? ഒരു വിപ്ലവത്തിന് തുടക്കമായിരുന്നു അത്

സജിന്‍ ബാബ്

അന്നൊരു മധ്യവേനല്‍ അവധിദിനം ആയിരുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഉള്ള ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിന് വിശാഖപട്ടണത്തു അരങ്ങൊരുങ്ങി. വീട്ടിലും ബന്ധുവീടുകളിലും അന്ന് ടിവി ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് പ്രാന്ത് തലക്ക് പിടിച്ച കാലം ആയതിനാല്‍ ഏതുവിധേനയും കളി കാണാറുണ്ടായിരുന്നു.

അങ്ങനെ അന്ന് ഞാനും ഏട്ടനും കൂടെ ഏട്ടന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയി കളി കാണാന്‍ തീരുമാനിച്ചു. അവിടെ കുറച്ചു പേര്‍ ആദ്യമേ ടിവിക്ക് മുന്നില്‍ ഇരിപ്പുറപ്പിച്ചിരുന്നു. ഒടുവില്‍ കളി തുടങ്ങാറായി. ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. പതിവുപോലെ ഓപ്പണിങ് ഇറങ്ങിയത് സാക്ഷാല്‍ സച്ചിനും സേവാഗും. സേവാഗ് തന്റെ സ്വാതസിദ്ധമായ ശൈലിയില്‍ തന്നെ തുടങ്ങി. ബൗണ്ടറികള്‍ തലങ്ങും വിലങ്ങും പായിച്ചു.

എന്നാല്‍ 3.2 ഓവറില്‍ 26 റണ്‍ ആയപ്പോള്‍ സച്ചിന്‍ റണ്‍ ഔട്ട് ആയി. സച്ചിന്റെ ഒരു മികച്ച ഇന്നിങ്‌സ് പ്രതീക്ഷിച്ചിരുന്ന എനിക്ക് നിരാശ ആയിരുന്നു ഫലം. എന്നാല്‍ പിന്നീട് കഴിഞ്ഞ കളിയിലെ പോലെ ദാദാ ഇറങ്ങും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ചെമ്പന്‍ നിറത്തില്‍ തലമുടി നീട്ടി വളര്‍ത്തിയ ഒരു യുവാവ് ആണ് ക്രീസില്‍ എത്തിയത്. അതിനു മുന്‍പ് കളിച്ച സീരിസില്‍ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ അധികമൊന്നും അദ്ദേഹത്തില്‍ നിന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

സച്ചിന്‍ ഔട്ട് ആയെങ്കിലും അതൊന്നും ബാധിക്കാതെ സേവാഗ് ബാറ്റ് വീശി.13.2 ഓവറില്‍ 122 ആയപ്പോള്‍ 40 പന്തില്‍ 74 റണ്‍സ്സുമായി സേവാഗ് മടങ്ങി. അതുവരെ ി ക്രീസില്‍ അധികം അക്രമണത്തിന് മുതിരാതിരുന്ന ആ യുവാവ് പതിയെ തന്റെ ബാറ്റിന്റെ ചൂട് പാകിസ്ഥാന്‍ ബൗളേഴ്സിനെ അറിയിക്കാന്‍ തുടങ്ങി. അതിനിടയില്‍ ദാദാ ഔട്ട് ആയി, പിന്നീട് ദ്രാവിഡ് വന്നു. പിന്നീട് കണ്ടത് ഒരു സംഹാരതാണ്ടവം തന്നെ ആയിരുന്നു.123 പന്തില്‍ 15 ഫോറും 4 പടുകൂറ്റന്‍ സിക്‌സുകളും അടക്കം 148 റണ്‍ നേടിയ ആ പയ്യന്‍ തന്റെ ആദ്യ ഏകദിന സെഞ്ച്വറി അന്ന് സ്വന്തമാക്കി. അര്‍ദ്ധസെഞ്ച്വറിയുമായി ദ്രാവിഡ് മികച്ച പിന്തുണയും നല്‍കി.42.2 ഓവറില്‍ 289/4 എന്ന മികച്ച നിലയില്‍ ടീമിനെ എത്തിച്ച ശേഷം ആണ് അദ്ദേഹം മടങ്ങിയത്.

പിന്നീട് വാലറ്റത്ത് സഹീറും ബാലാജിയും തകര്‍ത്തടിച്ചപ്പോള്‍ സ്‌കോര്‍ 50 ഓവറില്‍ 356/9 എന്ന നിലയില്‍ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അബ്ദുല്‍ റസാഖിന്റെയും യുസുഫ് യുഹാനയുടെയും അര്‍ദ്ധസെഞ്ച്വറിയുടെ സഹായത്തില്‍ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും 58 റണ്‍സ് അകലെ പാകിസ്താന് കാലിടറി.

ഇന്ത്യക്ക് വേണ്ടി നെഹ്ര 4 വിക്കറ്റും യുവി 3 വിക്കറ്റും വീഴ്ത്തി. എങ്കിലും കളിയിലെ താരം ആ ചെമ്പന്‍ തലമുടിക്കാരന്‍ തന്നെ ആയിരുന്നു. തന്റെ ആദ്യ സെഞ്ച്വറിയിലൂടെ അന്ന് കാണികള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കിയത് മറ്റാരുമല്ല സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണി ആയിരുന്നു. അവിടം മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രജാലത്തിനു ആരംഭം കുറിച്ചു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like