ചെൽസിയിലേക്കു തിരിച്ചു വരാനുള്ള അവസരം വേണ്ടെന്നു വെച്ച് മൗറീന്യോ

ഈ സീസണിൽ ഏറ്റവും മോശം ഫോമിലുള്ള പ്രീമിയർ ലീഗ് ക്ലബാണ് ചെൽസി. നിരവധി താരങ്ങളെ വമ്പൻ തുക മുടക്കി സ്വന്തമാക്കിയിട്ടും പ്രീമിയർ ലീഗിൽ ടോപ് ടെന്നിൽ പോലുമെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിനു പുറമെ നാല് പരിശീലകരാണ് ഈ സീസണിൽ ചെൽസിയെ പരിശീലിപ്പിച്ചിട്ടുള്ളത്. അതിൽ രണ്ടു പേരെ പിഎസ്‌ജി പുറത്താക്കുകയായിരുന്നു.

ചെൽസിയുടെ നിലവിലെ ഫോമിൽ നിന്നും അടുത്ത സീസണിൽ ടീമിനെ രക്ഷിക്കാൻ പുതിയ പരിശീലകനെ ക്ലബ് തേടുന്നുണ്ട്. വിവിധ പരിശീലകരെ സമീപിച്ച ചെൽസി ടീമിന്റെ മുൻ മാനേജരായിരുന്ന ഹോസെ മൗറീന്യോയെയും സമീപിച്ചിരുന്നു. എന്നാൽ തന്റെ മുൻ ക്ലബിന്റെ ഓഫർ പോർച്ചുഗീസ് പരിശീലകൻ നിഷേധിക്കുകയായിരുന്നു.

നിലവിൽ റോമയുടെ പരിശീലകനാണ് മൗറീന്യോ. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടം ടീമിന് നേടിക്കൊടുത്ത അദ്ദേഹം ഈ സീസണിൽ യൂറോപ്പ ലീഗ് നേടാനുള്ള തയ്യാറെടുപ്പിലാണ്. അതിനു പുറമെ സീരി എയിൽ ടോപ് ഫോറിൽ എത്താനുള്ള ശ്രമവും അവർ നടത്തുന്നു ഈ സാഹചര്യത്തിൽ ക്ലബിൽ തന്നെ തുടരാനാണ് മൗറീന്യോ തീരുമാനിച്ചത്.

മൗറീന്യോ ക്ലബ്ബിലേക്ക് വരണമെന്ന് ചെൽസി ആരാധകർ ആഗ്രഹിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. റോമയെ കൂടുതൽ മികച്ച പ്രകടനത്തിലേക്ക് നയിക്കുക എന്നത് തന്നെയാവും അദ്ദേഹത്തിന് മുന്നിലുള്ള ലക്‌ഷ്യം. ക്ലബിനോടുള്ള ആത്മാർഥത കൊണ്ട് തന്നെയാണ് ചെൽസിയുടെ ഓഫർ മൗറീന്യോ നിഷേധിച്ചത്.

അതേസമയം ചെൽസി പുതിയ പരിശീലകനെ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. മുൻ ടോട്ടനം പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയാണ് അടുത്ത സീസണിൽ ചെൽസി പരിശീലകനാവുക. ടോട്ടനത്തെ ടോപ് സിക്‌സ് ക്ലബായി വളർത്തി വരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചെൽസിയിലും ആവർത്തിക്കാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

You Might Also Like