ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാവാൻ തയ്യാറാണെന്നറിയിച്ച് ഹൊസെ മൗറീന്യോ

ബ്രസീൽ ദേശീയ ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് വളരെയധികം അതൃപ്‌തിയുള്ള സമയമാണിപ്പോൾ. 2002 ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം പിന്നീടൊരു ലോകകപ്പ് ഫൈനൽ പോലും കാണാൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന ബ്രസീലിനു കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ലോകകപ്പിൽ ഖത്തറിൽ വെച്ച് സൗത്ത് അമേരിക്കയിൽ ബ്രസീലിന്റെ പ്രധാന എതിരാളികളായ അർജന്റീന കിരീടം നേടുക കൂടി ചെയ്‌തതോടെ ആ വിമർശനങ്ങൾ ഒന്നുകൂടി ശക്തമായി.

ബ്രസീൽ ടീമിൽ വലിയൊരു മാറ്റം കൊണ്ടു വരുന്നതിനായി യൂറോപ്പിൽ നിന്നുള്ള പരിശീലകരെയാണ് അവർ ഇനി പരിഗണിക്കുന്നതെന്ന് കുറച്ചു കാലമായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി കോപ്പ അമേരിക്കക്ക് മുൻപ് ബ്രസീൽ പരിശീലകനാവാനുള്ള കരാർ ഒപ്പു വെച്ചുവെന്നും വാർത്തകൾ ശക്തമാണ്. അതിനിടയിൽ ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ തയ്യാറാണെന്ന് പോർച്ചുഗീസ് മാനേജർ ഹോസെ മൗറീന്യോ അറിയിച്ചുവെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.

റാഫേൽ റൈസാണ് മൗറീന്യോ ബ്രസീലിന്റെ പരിശീലകനാവാൻ തയ്യാറാണെന്ന് അറിയിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനായ അദ്ദേഹം ഇനി തനിക്ക് യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ നിന്നും ഓഫർ വരാനുള്ള സാധ്യതയില്ലെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് ദേശീയ ടീമിലെ വമ്പന്മാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെൽസി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, തുടങ്ങിയ വമ്പന്മാരെ മൗറീന്യോ പരിശീലിപ്പിച്ചിട്ടുണ്ട്.

എന്നാൽ മൗറീന്യോ വരുന്നതിൽ ബ്രസീലിന്റെ ആരാധകർക്ക് വലിയ താൽപര്യം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അമിതമായി പ്രതിരോധത്തിലൂന്നി കളിക്കുന്ന മൗറീന്യോയുടെ ശൈലി ബ്രസീലിയൻ ഫുട്ബോളുമായി ചേർന്നു പോകുന്നതല്ല. അതുകൊണ്ടു തന്നെ ആൻസലോട്ടി തന്നെയാകും അവരുടെ പ്രധാന പരിഗണന. എന്നാൽ ഇറ്റാലിയൻ പരിശീലകൻ റയൽ മാഡ്രിഡിൽ തുടരാൻ തീരുമാനിച്ചാൽ ചിലപ്പോൾ മൗറീന്യോക്ക് നറുക്ക് വീഴാനുള്ള സാധ്യതയുണ്ട്.

You Might Also Like