ബ്ലാസ്റ്റേഴ്‌സിനോടുള്ള തോൽവിക്ക് പിന്നാലെ മോഹൻ ബഗാൻ പരിശീലകൻ പുറത്ത്, പകരക്കാരനെ തീരുമാനിച്ചു

കേരള ബ്ലാസ്റ്റേഴ്‌സിനോട് തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകനെ പുറത്താക്കി കൊൽക്കത്ത ക്ലബായ മോഹൻ ബഗാൻ. സ്‌പാനിഷ്‌ പരിശീലകനായ യുവാൻ ഫെറാൻഡോയെ പുറത്താക്കിയ വിവരം മോഹൻ ബഗാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെറാൻഡോക്ക് പകരം മുൻ പരിശീലകനും നിലവിൽ ടെക്‌നിക്കൽ ഡയറക്റ്ററുമായ അന്റോണിയോ ലോപ്പസ് ഹബാസ് ടീമിനെ പരിശീലിപ്പിക്കും.

കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും ഡ്യൂറൻഡ് കപ്പും നേടിക്കൊടുത്ത പരിശീലകനാണ് ഫെറാൻഡോ. അതിനു മുൻപ് ഗോവ പരിശീലകനായിരുന്ന അദ്ദേഹത്തിന് കീഴിൽ ടീം ഡ്യൂറൻഡ് കപ്പും നേടിയിരുന്നു. ഈ സീസണിൽ തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് ടീം മോശം ഫോമിലേക്ക് വീണതാണ് ഫെറാണ്ടോ പുറത്താകാൻ കാരണമായത്.

ഐഎസ്എല്ലിലും ഏഷ്യൻ കപ്പിലുമായി നടന്ന കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ആറെണ്ണത്തിലും തോൽവി വഴങ്ങിയ മോഹൻ ബഗാൻ മൂന്നെണ്ണത്തിൽ മാത്രമാണ് വിജയം നേടിയത്. അവസാന മൂന്നു മത്സരങ്ങളിലും മോഹൻ ബഗാൻ തോറ്റു. അതിൽ എഫ്‌സി ഗോവ. കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവരുമായി സ്വന്തം മൈതാനത്ത് നടന്ന മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് മോഹൻ ബഗാൻ നടത്തിയത്.

ഫെറാൻഡോക്ക് പകരം മോഹൻ ബഗാന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത അന്റോണിയോ ലോപ്പസ് എടികെ ടീമിന്റെ പരിശീലകനായിരിക്കുമ്പോൾ രണ്ടു തവണ ഐഎസ്എൽ കിരീടം നേടിയിട്ടുണ്ട്. ക്ലബിന്റെ നിലവിലെ മോശം അവസ്ഥ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പത്ത് മത്സരങ്ങൾ കളിച്ച മോഹൻ ബഗാൻ നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.

You Might Also Like