ദിമിയിലൂടെ ആ നേട്ടം ബ്ലാസ്റ്റേഴ്‌സിലെത്തുമോ, ഇനി ബാക്കിയുള്ളത് ഒരേയൊരു മത്സരം മാത്രം

Image 3
ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോയെങ്കിലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടത്തിന് വേണ്ടിയാണ്. നിലവിൽ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ദിമിത്രിയോസ് ഡയമെന്റക്കൊസ് ഈ സീസണിലെ ടോപ് സ്‌കോറർ പുരസ്‌കാരം സ്വന്തമാക്കുമോ എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിൽക്കുന്നത്.

ഈ സീസണിൽ ഇതുവരെ പതിമൂന്നു ഗോളുകളാണ് ദിമിത്രിയോസ് നേടിയത്. മൂന്ന് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ഒഡിഷ എഫ്‌സിയുടെ താരമായ റോയ് കൃഷ്‌ണക്കും അതെ ഗോളും അസിസ്റ്റുമാണെങ്കിലും ദിമി കുറവ് മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. റോയ് കൃഷ്‌ണ ഇരുപത്തിയഞ്ചു മത്സരങ്ങൾ കളിച്ചപ്പോൾ ദിമിത്രിയോസ് ഡയമെന്റക്കൊസ് വെറും പതിനേഴു മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയത്.

ടോപ് സ്‌കോറർ പട്ടികയിൽ ദിമിത്രിയോസിനു പ്രധാന വെല്ലുവിളി മോഹൻ ബഗാൻ താരമായ ജേസൺ കുമ്മിങ്‌സാണ്. പതിനൊന്നു ഗോളുകൾ താരം നേടിയിട്ടുണ്ട്. മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിൽ നടക്കുന്ന ഫൈനൽ മാത്രമാണ് ഇനി ബാക്കിയുള്ള മത്സരം. അതിൽ മൂന്നു ഗോളുകൾ നേടിയാൽ ദിമിത്രിയോസിനെ മറികടക്കാൻ മോഹൻ ബഗാൻ താരത്തിന് കഴിയും.

എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണെന്നത് ദിമിത്രിയോസിനു പ്രതീക്ഷ നൽകുന്നു. ദിമിത്രിയോസ് ടോപ് സ്‌കോറർ പുരസ്‌കാരം സ്വന്തമാക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ആദ്യമായി ആ നേട്ടമെത്തും. ഈ സീസണിൽ പല താരങ്ങൾക്കും പരിക്കേറ്റ സാഹചര്യത്തിൽ ടീമിനെ നയിച്ച ദിമി ആ നേട്ടം അർഹിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.