ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പു ചോദിച്ച് മോഹൻ ബഗാൻ ആരാധകർ, ഐഎസ്എല്ലിൽ വീണ്ടും റഫറിയിങ് വിവാദം

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിയിങ് വിവാദം വീണ്ടും. ഇന്നലെ മോഹൻ ബഗാനും ഒഡിഷ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ റഫറിയെടുത്ത തീരുമാനങ്ങൾ പലതും മത്സരത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ പുറത്താകാൻ കാരണമായ മണ്ടൻ തീരുമാനമെടുത്ത റഫറി ക്രിസ്റ്റൽ ജോണാണ് ഇത്തവണയും പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

മത്സരത്തിൽ നാലോളം തീരുമാനങ്ങൾ റഫറി എടുത്തത് തെറ്റാണെന്നാണ് മോഹൻ ബഗാൻ ആരാധകർ പറയുന്നത്. കുമ്മിൻസിനെ വീഴ്ത്തിയതിനു ലഭിക്കേണ്ട പെനാൽറ്റി നൽകാതിരുന്നു, ഗെഹ്ലോത്തിന്റെ ഹാൻഡ് ബോളിനു പെനാൽറ്റിയും സെക്കൻഡ് യെല്ലോയും നൽകിയില്ല, ജെറിയെ സെക്കൻഡ് യെല്ലോ കൊടുക്കാതെ ഒഴിവാക്കി, സഹലിനെതിരെയുള്ള ഗുരുതരമായ ടാക്കിളിനു ഒരു ഫൗൾ പോലും വിളിച്ചില്ല, അത് ഒഡിഷ ഗോൾ നേടാനും കാരണമായി.

ഇത്രയും ഗുരുതരമായ തെറ്റുകൾ റഫറി വരുത്തിയിട്ടുണ്ടെന്നും ക്രിസ്റ്റൽ ജോൺ ഐഎസ്എൽ മത്സരം നിയന്ത്രിക്കാൻ യോഗ്യതയില്ലാത്ത ആളാണെന്നുമാണ് മോഹൻ ബഗാൻ ആരാധകർ പറയുന്നത്. അതിനൊപ്പം ഒരു വിഭാഗം മോഹൻ ബഗാൻ ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്സിനോട് ക്ഷമാപണം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ ജോണിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണിച്ച പ്രതിഷേധത്തിന്റെ അർഥം അവർക്ക് ഇപ്പോഴാണ് മനസിലായിരിക്കുന്നത്.

റഫറിയുടെ തീരുമാനങ്ങൾ മോഹൻ ബഗാന്റെ വിജയക്കുതിപ്പിന് തടസമാവുകയും ചെയ്‌തു. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മൊറോക്കൻ താരം ജാഹു ആദ്യപകുതിയിൽ ഒഡിഷക്കായി രണ്ടു ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ മോഹൻ ബഗാൻ തിരിച്ചടിച്ചു. അർമാൻഡോ സാദികുവാണ് മോഹൻ ബഗാന്റെ രണ്ടു ഗോളുകളും നേടി ടീമിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.

You Might Also Like