മധ്യനിരയിലെ മാന്ത്രികൻ മെസ്യൂദ് ഓസിൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നു

ഫുട്ബോൾ ലോകത്ത് ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന ജർമൻ താരം മെസ്യൂദ് ഓസിൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നു. താരം പ്രൊഫെഷണൽ ഫുട്ബോളിൽ തന്റെ അവസാനത്തെ മത്സരം കളിച്ചു കഴിഞ്ഞുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപഭാവിയിൽ തന്നെ താരം വിരമിക്കൽ സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ സീസണിൽ ഫെനർബാഷെയിൽ കളിച്ചിരുന്ന ഓസിൽ നിലവിൽ ഇസ്‌താംബുൽ ബസകസാഹിറിന്റെ താരമാണ്. ഇക്കഴിഞ്ഞ സമ്മറിൽ ക്ലബ് മാറിയ താരത്തിന് പക്ഷെ അധികം അവസരങ്ങൾ ക്ലബിനൊപ്പം ലഭിച്ചിട്ടില്ല. പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം വലയുന്ന താരം ഏഴു മത്സരങ്ങളിലായി 142 മിനുട്ടുകൾ മാത്രമാണ് ഈ സീസണിലിതു വരെ കളിച്ചിട്ടുള്ളത്.

തുർക്കിഷ് ക്ലബുമായുള്ള തന്റെ കരാർ അവസാനിപ്പിച്ചാണ് ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനാണു ഓസിൽ ഒരുങ്ങുന്നത്. ഇനി തന്റെ ഏറ്റവും മികച്ച പ്രകടനം കളിക്കളത്തിൽ നടത്താൻ കഴിയുമെന്ന് താരത്തിന് വിശ്വാസമില്ല. ഇതാണ് താരം ഈ പ്രായത്തിൽ കളിക്കളം വിടാൻ തീരുമാനമെടുക്കാൻ കാരണം.

പ്രതിരോധനിരയെ കീറി മുറിക്കുന്ന അതിമനോഹരമായ പാസുകളും അസിസ്റ്റുകളും നൽകാൻ കഴിയുന്ന താരമായിരുന്ന മെസ്യൂദ് ഓസിൽ 645 മത്സരങ്ങൾ ക്ലബിനായി കളിച്ച് 114 ഗോളുകളും 221 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ്, ആഴ്‌സണൽ എന്നീ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള ഓസിൽ ക്ലബ് തലത്തിൽ ചാമ്പ്യൻസ് ലീഗ് ഒഴികെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ജർമനിക്കൊപ്പം 2014 ലോകകപ്പും താരം നേടി.

You Might Also Like