ബാലൺ ഡി ഓർ മെസിക്കു തന്നെ, താരത്തിന് വിവരം ലഭിച്ചുവെന്നു വെളിപ്പെടുത്തി കുടുംബസുഹൃത്ത്

സമീപകാലത്ത് ഏറ്റവുമധികം മത്സരം നടക്കുക 2023 ബാലൺ ഡി ഓറിനു വേണ്ടിയായിരിക്കുമെന്നാണ് ആരാധകർ വിലയിരുത്തിയത്. ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസിക്കാണ്‌ കൂടുതൽ സാധ്യതയെന്ന് ഏവരും കരുതിയെങ്കിലും ക്ലബ് സീസൺ കഴിഞ്ഞതോടെ അതിൽ മാറ്റമുണ്ടായി. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ നേടുകയും സീസണിൽ ഗംഭീരപ്രകടനം നടത്തുകയും ചെയ്‌ത എർലിങ് ഹാലാൻഡിന്റെ പേരും ശക്തമായി ഉയർന്നു വന്നു.

സീസൺ കഴിഞ്ഞതോടെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന്‌ ഹാലൻഡും മെസിയും തമ്മിലായിരിക്കും മത്സരമെന്ന കാര്യത്തിൽ ഏറെക്കുറെ വ്യക്തത വന്നിരുന്നു. ലയണൽ മെസിക്കായിരിക്കും മുൻതൂക്കമെന്ന് പല നിരീക്ഷകരും വെളിപ്പെടുത്തിയെങ്കിലും ഹാലാൻഡ്‌ മെസിയെ മറികടക്കുമോയെന്ന ആശങ്ക പല ആരാധകർക്കും ഉണ്ടായിരുന്നു. എന്നാൽ അങ്ങിനെയൊരു സംശയത്തിന്റെ ആവശ്യമേ ഇല്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

മെസിയുടെ കുടുംബസുഹൃത്തായ അലസാന്ദ്രോ ഡോസെറ്റിയാണ് ബാലൺ ഡി ഓറുമായി ബന്ധപ്പെട്ട പുതിയ വിവരം പുറത്തു വിട്ടിരിക്കുന്നത്. ലയണൽ മെസിക്ക് തന്നെയാണ് പുരസ്‌കാരമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അവാർഡ് പ്രഖ്യാപിക്കാൻ ഇനിയും പതിനാറു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ഫ്രാൻസ് ഫുട്ബോളിന്റെ മേധാവികൾ ലയണൽ മെസിക്കാണ് അവാർഡെന്ന കാര്യം താരത്തെ അറിയിച്ചിട്ടുണ്ടെന്നാണ് മെസിയുടെ കുടുംബസുഹൃത്ത് വ്യക്തമാക്കുന്നത്.

ബാലൺ ഡി ഓർ പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ അത് നേടിയ താരത്തെ അറിയിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. തങ്ങൾക്കല്ല പുരസ്‌കാരം എന്നറിയാവുന്നതിനാൽ മെസിയും റൊണാൾഡൊയുമെല്ലാം ചടങ്ങിൽ നിന്നും വിട്ടുനിന്ന സംഭവം ഇതിനു മുൻപ് കണ്ടിട്ടുള്ളതുമാണ്. ഇത്തവണ ബാലൺ ഡി ഓർ നേടിയാൽ മെസി എട്ടാമത്തെ ബാലൺ ഡി ഓറാകും സ്വന്തമാക്കുക. ഈ റെക്കോർഡ് മറ്റൊരു താരം മറികടക്കുക വളരെ ബുദ്ധിമുട്ടായിരിക്കും എന്നുറപ്പാണ്.

You Might Also Like