ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ എംബാപ്പയോട് മെസി, പിഎസ്‌ജി വിടുന്നതിനു മുൻപ് നിർദ്ദേശം നൽകി

നിരവധി വർഷങ്ങളായി പിഎസ്‌ജിയുടെ പ്രധാന താരമാണ് എംബാപ്പെ. ഒരിക്കൽ കരാർ അവസാനിച്ച താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും വളരെ ബുദ്ധിമുട്ടി പിഎസ്‌ജി ടീമിനൊപ്പം നിലനിർത്തി. എന്നാൽ ഈ സമ്മറിലല്ലെങ്കിൽ അടുത്ത സമ്മറിൽ താരം ക്ലബ് വിടുമെന്നുറപ്പാണ്. അടുത്ത സീസണോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് മുന്നേറ്റനിര താരം തീരുമാനമെടുത്തു കഴിഞ്ഞു.

നേരത്തെ തന്നെ പിഎസ്‌ജിയെ അറിയിച്ച ഈ തീരുമാനം എംബാപ്പെ ആഴ്ച്ചകൾക്ക് മുൻപ് ഒന്നുകൂടി ക്ലബ്ബിനെ അറിയിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പിഎസ്‌ജിയിൽ തുടരാനില്ലന്ന എംബാപ്പയുടെ തീരുമാനം ഉറച്ചതായതിനു പിന്നിൽ ലയണൽ മെസിക്കും പങ്കുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

പിഎസ്‌ജി വിടുന്നതിനു മുൻപ് എംബാപ്പെക്ക് മെസി നൽകിയ ഉപദേശമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. “നീ ബാഴ്‌സലോണയിലേക്ക് പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ നിനക്ക് റയൽ മാഡ്രിഡിലേക്കാണ് പോകേണ്ടതെങ്കിൽ അങ്ങോട്ട് പോവുക. പക്ഷെ നീയൊരു മികച്ച പ്രോജക്റ്റ് അർഹിക്കുന്നു, വിജയങ്ങൾ നേടാൻ കഴിയുന്ന പ്രോജക്റ്റ്” മെസി പറഞ്ഞതായി ഡിഫെൻസ സെൻട്രൽ റിപ്പോർട്ട് ചെയ്‌തു.

പിഎസ്‌ജിയുടെ സ്പോർട്ടിങ് പ്രോജക്റ്റ് മോശമാണെന്ന് നിരവധി വർഷങ്ങളായി അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ടീമിന്റെ സന്തുലിതാവസ്ഥ നോക്കാതെ വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടിയതിന്റെ പരിണിതഫലം അവർ അനുഭവിക്കുകയും ചെയ്‌തു. കഴിഞ്ഞ രണ്ടു സീസണിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലാണ് ടീം പുറത്തു പോയത്.

പിഎസ്‌ജിയിൽ തുടർന്നാൽ കിരീടങ്ങൾ നേടാൻ പ്രയാസമാണെന്ന് എംബാപ്പെക്കും അറിയുന്നുണ്ടാകും. അതുകൊണ്ടു തന്നെ താരം ഇനി ക്ലബുമായി കരാർ പുതുക്കാൻ യാതൊരു സാധ്യതയുമില്ല. റയൽ മാഡ്രിഡിലേക്ക് തന്നെയാവും എംബാപ്പെ ചേക്കേറുക.

You Might Also Like