വർഷങ്ങൾക്ക് ശേഷം മെസിയും സുവാരസും ഒരു ടീമിൽ ഇറങ്ങി, ഇന്റർ മിയാമിയുടെ ആദ്യ സൗഹൃദമത്സരം സമനിലയിൽ

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ലയണൽ മെസിയും ലൂയിസ് സുവാരസും വീണ്ടും ഒരുമിച്ചിറങ്ങി. മുൻപ് ബാഴ്‌സലോണയിൽ ഗംഭീര പ്രകടനം നടത്തിയ സഖ്യം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടി സൗഹൃദമത്സരത്തിലാണ് ഇറങ്ങിയത്. കഴിഞ്ഞ സീസണിൽ ഗ്രെമിയോക്ക് വേണ്ടി കളിച്ചിരുന്ന സുവാരസ് തന്റെ കരാർ അവസാനിച്ചതോടെ ഇന്റർ മിയാമിയിൽ ചേരുകയായിരുന്നു.

എൽ സാൽവദോർ ടീമിനെതിരെ സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസി, ലൂയിസ് സുവാരസ് എന്നിവർക്ക് പുറമെ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽബ എന്നിവരും ഇറങ്ങിയിരുന്നു. ഒട്ടും പ്രാധാന്യമില്ലാത്ത മത്സരം ആയതിനാൽ തന്നെ മത്സരത്തിന്റെ ആദ്യപകുതിയിൽ മാത്രമാണ് ടീമിലെ പ്രധാന താരങ്ങളായ ഇവർ കളിച്ചത്.

മുൻപ് ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ച ഈ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം മത്സരത്തിൽ കണ്ടിരുന്നു. വളരെ മികച്ച രീതിയിലുള്ള മുന്നേറ്റങ്ങൾ താരങ്ങൾ നടത്തിയിരുന്നു. പഴയ കണക്ഷൻ ഇപ്പോഴും മോശം വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന മുന്നേറ്റങ്ങളായിരുന്നു അത്. നിരവധി തവണ ഇന്റർ മിയാമി ഗോളിലേക്ക് എത്തിയിരുന്നെങ്കിലും അതൊന്നും മുതലാക്കാൻ കഴിഞ്ഞിരുന്നില്ല.

ഒരുപാട് നാളുകൾക്ക് ശേഷം ലയണൽ മെസി കളത്തിലിറങ്ങിയ മത്സരം ആരാധകർക്ക് ഒരു വിരുന്നു തന്നെ ആയിരുന്നു. മികച്ച മുന്നേറ്റങ്ങളും ഡ്രിബ്ലിങ്ങും ത്രൂ പാസുകളുമായി കളം നിറഞ്ഞു കളിക്കാൻ താരത്തിന് കഴിയുകയുണ്ടായി. കഴിഞ്ഞ സീസണിൽ പരിക്കും മറ്റുമെല്ലാം തിരിച്ചടി നൽകിയ മെസിയിൽ നിന്നും ഈ സീസണിൽ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം.

You Might Also Like