ഉറ്റസുഹൃത്ത് വിരമിച്ചതോടെ ലോകകപ്പിൽ മെസിക്ക് ഏകാന്തവാസം

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വളരെയധികം സജീവമായി നിൽക്കുന്നത്. ടൂർണമെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ലയണൽ മെസി ആയതിനാൽ തന്നെ താരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ചയാകുന്നുണ്ട്. അത്തരത്തിൽ മെസിയുടെ ഏകാന്തവാസമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനു താമസമൊരുക്കിയിട്ടുള്ള ഖത്തർ യൂണിവേഴ്‌സിറ്റിയിലെ മുറിയിലാണ് മെസി ഒറ്റക്കു താമസിക്കുന്നത്.

അർജന്റീനയിൽ മെസിയുടെ സഹതാരമായിരുന്ന സെർജിയോ അഗ്യൂറോ വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ടീമിന്റെ മുറിയിൽ മെസി ഒറ്റക്കായത്. യൂത്ത് ടീമിലുണ്ടായിരുന്ന സമയം മുതൽ ദേശീയ ടീമിന്റെ മത്സരങ്ങൾക്കു പോകുമ്പോൾ സെർജിയോ അഗ്യൂറോയും ലയണൽ മെസിയും ഒരു മുറിയിലാണ് താമസിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ സീസണിനിടയിൽ സെർജിയോ അഗ്യൂറോ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇത്തവണ ലോകകപ്പിൽ മെസി ഒറ്റക്കൊരു മുറി തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലും രണ്ടു താരങ്ങളും ഒരുമിച്ചാണ് താമസം ഉണ്ടായിരുന്നത്. അർജന്റീന കിരീടം നേടിയ ടൂർണമെന്റിനു ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അഗ്യൂറോക്കു പക്ഷെ ഏതാനും മാസങ്ങൾ മാത്രമേ കളിക്കളത്തിൽ തുടരാൻ കഴിഞ്ഞുള്ളു. ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇനി ഫുട്ബോളിൽ തുടരാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുപ്പത്തിമൂന്നാം വയസിലാണ് സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കുന്നത്. ലോകകപ്പ് ടീമിന്റെ സ്റ്റാഫായി താരമെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല.

അഗ്യൂറോയുടെ അഭാവം മെസിക്കൊരു വേദന തന്നെയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മറ്റുള്ള അർജന്റീന താരങ്ങളെല്ലാം രണ്ടു പേരായി ഒരു മുറിയിൽ താമസിക്കുമ്പോൾ മെസി മാത്രമാണ് ഒറ്റക്കു നിൽക്കുന്നത്. മെസിയുടെ അടുത്തുള്ള മുറിയിൽ അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിഗോ ഡി പോൾ, ബെൻഫിക്ക പ്രതിരോധതാരം നിക്കോളാസ് ഒട്ടമെൻഡി എന്നീ താരങ്ങളാണ് താമസിക്കുന്നത്.

You Might Also Like