നാല് മാസങ്ങളോളം മത്സരമുണ്ടാകില്ല, മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയേറുന്നു

ഇന്റർനാഷണൽ ബ്രേക്കിനിടെ ലയണൽ മെസിക്ക് പരിക്കേറ്റത് ഇന്റർ മിയാമിയെയാണ് കൂടുതൽ ബാധിച്ചത്. ലയണൽ മെസി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുകയും ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌ത ഇന്റർ മിയാമി താരത്തിന്റെ പരിക്കിനു ശേഷം പുറകോട്ടു പോയി. യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ തോൽവി വഴങ്ങിയ ഇന്റർ മിയാമി എംഎൽഎസ് മത്സരങ്ങളിലും മോശം ഫോമിലായിരുന്നു.

എഫ്‌സി സിൻസിനാറ്റിക്കെതിരെ അവസാനം നടന്ന മത്സരത്തിലാണ് ലയണൽ മെസി അവസാനമായി കളത്തിലിറങ്ങിയത്. ആ മത്സരത്തിൽ തോൽവി വഴങ്ങി എംഎൽഎസ് പ്ലേ ഓഫിൽ നിന്നും ഇന്റർ മിയാമി പുറത്തായി. ഇതോടെ ഇനി ക്ലബ് തലത്തിൽ ഇന്റർ മിയാമിക്കൊപ്പം മെസി ഒരു മത്സരത്തിൽ ഇറങ്ങണമെങ്കിൽ ഫെബ്രുവരി വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ലയണൽ മെസിയുടെ ആരാധകർക്ക് വലിയ നിരാശയാണിതു നൽകുന്നത്.

ഏതാനും മാസങ്ങൾ ക്ലബ് തലത്തിൽ മത്സരങ്ങൾ ഉണ്ടാകില്ലെന്നതിനാൽ ലയണൽ മെസി ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ബാഴ്‌സലോണയും താരത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മെസിയെ ലോണിൽ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ബാഴ്‌സലോണ നടത്തുന്നത്.

അതേസമയം മെസിയെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് ബാഴ്‌സലോണക്ക് ഒട്ടും എളുപ്പമാകില്ല എന്നുറപ്പാണ്. ലയണൽ മെസി ബാഴ്‌സയിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ഇന്റർ മിയാമി പരിശീലകനായ ടാറ്റ മാർട്ടിനോക്ക് അനുകൂലമായ നിലപാടല്ല. അതേസമയം ബാഴ്‌സലോണക്ക് മെസിക്ക് യാത്രയയപ്പ് നൽകാൻ ഒരു മത്സരത്തിന് സന്നദ്ധമാണെന്ന് ഇന്റർ മിയാമി അറിയിച്ചിട്ടുണ്ട്.

You Might Also Like