മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റും വീണ്ടും കൂടിക്കാഴ്‌ച നടത്തി, അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുന്നു

ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾ ഏറ്റവും ശക്തമായിരുന്ന സമയമാണിപ്പോൾ. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കാനുള്ള സാധ്യത വളരെ കുറവാണ്. ക്ലബിൽ തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതും ചാമ്പ്യൻസ് ലീഗ് തോൽവിയോടെ ആരാധകർ എതിരായതുമാണ് ഇതിനു കാരണം.

ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന വാർത്തകൾ പുറത്തു വന്നതോടെ താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചിട്ടുണ്ട്. ബാഴ്‌സലോണ വൈസ് പ്രസിഡന്റ് റാഫ യുസ്‌റ്റെ, പരിശീലകൻ സാവി എന്നിവർ ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. മെസി തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ് അവരുടെ പ്രതികരണങ്ങൾ.

അതിനിടയിൽ ലയണൽ മെസിയുടെ ഏജന്റും പിതാവുമായ ജോർജ് മെസിയും ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ടയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ലോകകപ്പിന് ശേഷം ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകൾ രണ്ടാമത്തെ തവണയാണ് വരുന്നത്.

അതേസമയം മെസിക്ക് ആദരവ് നൽകാൻ ബാഴ്‌സലോണ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഭാഗമായാണ് ലപോർട്ട മെസിയുടെ പിതാവിനെ കണ്ടു മുട്ടിയിരിക്കുന്നത്. ട്രാൻസ്‌ഫർ സംബന്ധമായ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്‌തില്ലെങ്കിലും ബന്ധം മികച്ചതാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കും. മെസിയുമായുള്ള ബന്ധം മികച്ചതാക്കി മാറ്റണമെന്ന് ലപോർട്ട് പറയുകയും ചെയ്‌തിരുന്നു.

ലയണൽ മെസിക്ക് ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ വളരെയധികം ആഗ്രഹമുണ്ടെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി അതിനു വിലങ്ങുതടിയായി നിൽക്കുന്നു. സാമ്പത്തിക സ്ഥിതി മറികടക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ് ഇപ്പോൾ നടത്തുന്നത്. അതിൽ വിജയിച്ചാൽ മെസി തിരിച്ചെത്തുക തന്നെ ചെയ്യും.

You Might Also Like