മെസി മാത്രമല്ല, മറ്റൊരു മുൻ താരവും ബാഴ്‌സയിലേക്ക് മടങ്ങിയെത്തും

ലയണൽ മെസിയുടെ ഭാവിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയൊന്നും വന്നിട്ടില്ല. ഖത്തർ ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തി കിരീടം നേടിയതിനു പിന്നാലെയാണ് മെസി ഇങ്ങിനെയൊരു സാഹചര്യം നേരിടുന്നത്. പിഎസ്‌ജി താരത്തിന് പുതിയ കരാർ വാഗ്‌ദാനം ചെയ്‌തെങ്കിലും ആരാധകർ തനിക്കെതിരാണെന്നു മനസ്സിലാക്കിയതു കൊണ്ടാണ് മെസി അതിൽ തീരുമാനമൊന്നും എടുക്കാത്തത്.

അതിനിടയിൽ ചില നിബന്ധനകൾ സ്വീകരിച്ചാൽ താരത്തെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തിരിച്ചു വരാനുള്ള ആഗ്രഹം അറിയിക്കുക, ക്ലബിന്റെ പദ്ധതികൾ അനുസരിച്ചായിരിക്കും ടീമിലെ സ്ഥാനം, പ്രതിഫലം വെട്ടിക്കുറക്കുക എന്നീ ഉപാധികളാണ് മെസിക്ക് മുന്നിൽ ബാഴ്‌സലോണ വെച്ചത്.

ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാൻ ഈ ഉപാധികൾ മെസി അംഗീകരിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. തന്റെ പിതാവിനോട് ബാഴ്‌സയുമായി കരാർ ചർച്ചകൾ ആരംഭിക്കാൻ മെസി ആവശ്യപ്പെട്ടുവെന്നും മാധ്യമങ്ങൾ പറയുന്നു. ലയണൽ മെസി തന്റെ മുൻ ക്ലബ്ബിലേക്ക് തിരികെ വരാനുള്ള സാധ്യതകൾ വർധിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ലയണൽ മെസി മാത്രമല്ല, കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ട ഗാബോൺ സ്‌ട്രൈക്കർ പിയറി എമറിക്ക് ഒബാമയെങ്ങും ക്ലബ്ബിലേക്ക് സമ്മറിൽ തിരിച്ചെത്തിയേക്കും. ചെൽസിയിൽ അവസരങ്ങൾ ഇല്ലാത്ത താരത്തിന് സാവിക്ക് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹമുണ്ട്. കഴിഞ്ഞ ജനുവരിയിൽ ടീമിലെത്തിയ താരം ഗംഭീര പ്രകടനം നടത്തിയിരുന്നു. അടുത്തിടെ നടന്ന എൽ ക്ലാസിക്കോ മത്സരം കാണാനും ഒബാമയാങ് എത്തിയിരുന്നു.

അതേസമയം മെസിയെ എത്തിക്കാൻ ബാഴ്‌സലോണ എന്ത് ചെയ്യുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. നിലവിൽ തന്നെ സാമ്പത്തികപ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന ബാഴ്‌സലോണക്കെതിരെ ലാ ലിഗയും യുദ്ധം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ബാഴ്‌സയുടെ നീക്കങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

You Might Also Like