കോവിഡ് പിടിപെടുമോ? ഭയമുണ്ടെന്ന് മെസ്സി

ബാഴ്സിലോണക്കായി എല്ലാം നേടിയ താരമാണ് ലയണൽ മെസ്സി. എന്നാൽ അർജന്റീനയുടെ കുപ്പായത്തിൽ ഒരു പ്രധാനപ്പെട്ട ടൂർണമെന്റ് നേടുക എന്ന സ്വപ്നം ഇപ്പോഴും കിട്ടാക്കനിയായി അവശേഷിക്കുന്നു. ഈ കളങ്കം മായ്ച്ചുകളയാൻ ജീവൻ പണയപ്പെടുത്തിയാണ് ഇത്തവണ എത്തുന്നത് എന്ന് പറയുന്നു മെസ്സി.

എതിർ ടീമുകളിലെ പലകളിക്കാർക്കും കോവിഡ് പോസിറ്റീവായതോടെ രോഗം പിടിപെടുമോ എന്ന ഭയം ടീമിൽ എല്ലാവർക്കും ഉണ്ടെന്ന് മെസ്സി പറയുന്നു. ബൊളീവിയ, കൊളംബിയ, വെനിസ്വേല എന്നീ ടീമുകളിലെ താരങ്ങൾക്ക് കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കോവിഡ് പോസിറ്റീവ് ആയത് കോപ്പയിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

പേടിച്ചുപിന്മാറാൻ ആവില്ലെന്നും , ജീവൻ പണയപ്പെടുത്തിയാണെങ്കിലും ഇത്തവണ കോപ്പയിൽ മുത്തമിടാനായി ആവുന്നതെല്ലാം ചെയ്യുമെന്നാണ് മെസ്സിയുടെ പക്ഷം.

രാജ്യത്തിനായി കിരീടം നേടുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ക്ലബ് തലത്തിൽ എല്ലാം നേടാൻ എനിക്കായി, എന്നാൽ രാജ്യത്തിനായി ഒന്നും നേടിയില്ല എന്നത് എപ്പോഴും എന്നെ അലട്ടുന്ന കാര്യമാണ്. പലപ്പോഴും കപ്പിന്റെയും ചുണ്ടിന്റെയും ഇടയിലാണ് കാര്യങ്ങൾ കൈവിട്ടുപോയത്. അതിനാൽ തന്നെ കളിക്കളത്തിൽ തളർന്നുവീഴുന്ന അവസരം വന്നില്ലെങ്കിൽ കോപ്പയിൽ താൻ കളിക്കുക തന്നെ ചെയ്യും. മെസ്സി പറഞ്ഞു.

1993 സൗത്ത് അമേരിക്കൻ ചാംപ്യൻഷിപ്പാണ് അർജന്റീന അവസാനമായി ജയിച്ച പ്രധാന ടൂർണമെന്റ്. 2014 ലോകകപ്പ് ഫൈനലിലും, 2015, 2016 കോപ്പയിലും മെസ്സിയടക്കമുള്ള ടീമിന് ഫൈനലിൽ പരാജയപ്പെടാനായിരുന്നു വിധി. ചൊവ്വ പുലർച്ചെ 2.30ന് ചിലിക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

You Might Also Like