നിലപാട് വീണ്ടും മാറ്റി എംബാപ്പെ, പിഎസ്‌ജിയുമായി കരാർ പുതുക്കുന്നു

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം കോലാഹലങ്ങളുണ്ടാക്കിയ താരമാണ് പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെ. ഒരു വർഷം മാത്രം ബാക്കിയുള്ള തന്റെ കരാർ ഇനി പുതുക്കുന്നില്ലെന്ന് താരം ക്ലബ് നേതൃത്വത്തെ അറിയിച്ചിരുന്നു. അങ്ങിനെയാണെങ്കിൽ ഈ സമ്മറിൽ തന്നെ ക്ലബ് വിടണമെന്ന് പിഎസ്‌ജിയുടെ ആവശ്യവും പരിഗണിക്കാതിരുന്നതോടെ താരം സ്‌ക്വാഡിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ടു.

പ്രീ സീസൺ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നും പുറത്താക്കപ്പെട്ട എംബാപ്പെ കരാർ പുതുക്കിയില്ലെങ്കിൽ ഈ സീസൺ കളിക്കില്ലെന്ന അവസ്ഥയിലായിരുന്നു. എന്നാൽ നെയ്‌മർ പിഎസ്‌ജി വിട്ട് അൽ ഹിലാലിലേക്ക് ചേക്കേറിയതോടെ കഥ മാറി. എംബാപ്പയുമായി ചർച്ചകൾ നടത്തി താരത്തെ ടീമിൽ ഉൾപ്പെടുത്താൻ പിഎസ്‌ജി തീരുമാനിച്ചു. അതിനു ശേഷമുള്ള മത്സരങ്ങളും താരം കളിച്ചു.

ഇപ്പോൾ എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2026 വരെ നീളുന്ന കരാറൊപ്പിടാനാണ് എംബാപ്പെ ഒരുങ്ങുന്നത്. ഈ കരാറിൽ അടുത്ത സമ്മറിൽ ആക്റ്റിവേറ്റ് ആകുന്ന ഒരു റിലീസ് ക്ലോസ് കൂടി ഉൾപ്പെടുത്തും. ഇതിന്റെ തുക എത്രയാണെന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിലും മറ്റു ക്ലബുകൾക്ക് ഈ തുക നൽകി അടുത്ത സമ്മറിൽ താരത്തെ സ്വന്തമാക്കാനാവും.

എംബാപ്പെ ടീമിൽ തുടരുമെന്ന സാഹചര്യം വന്നതോടെ പിഎസ്‌ജി കരുത്തുറ്റ ടീമായി മാറിയിട്ടുണ്ട്. എംബാപ്പെക്കു കൂട്ടായി ഫ്രഞ്ച് സഹതാരമായ ഡെംബലെയെ പിഎസ്‌ജി സ്വന്തമാക്കിയിരുന്നു. അതിനു പുറമെ മറ്റൊരു ഫ്രഞ്ച് താരമായ കൊളോ മുവാനിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും പിഎസ്‌ജി നടത്തുന്നുണ്ട്. ഇതോടെ ഈ സമ്മറിൽ എമ്ബാപ്പെ റയൽ മാഡ്രിഡിലെത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.

You Might Also Like