എംബാപ്പക്കു പിന്നിൽ കളിക്കുന്നത് റയൽ മാഡ്രിഡ്? ബെഞ്ചിലിരിക്കാൻ തയ്യാറാണെന്ന തീരുമാനമെടുത്ത് താരം

എംബാപ്പെ പിഎസ്‌ജി നേതൃത്വത്തിന് വലിയ തലവേദന സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്. ടീമിന്റെ ഭാവിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരം പക്ഷെ വരുന്ന സീസൺ കഴിയുന്നതോടെ ക്ലബ് വിടുമെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ സമ്മറിൽ താരത്തെ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്.

നിലവിൽ ഫുട്ബോൾ ലോകത്തെ തന്നെ ഏറ്റവും മൂല്യം കൂടിയ താരമാണ് എംബാപ്പെ. അങ്ങിനെയൊരു താരത്തെ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുകയെന്നത് പിഎസ്‌ജിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ ഒന്നുകിൽ ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കണം, അല്ലെങ്കിൽ ഈ സമ്മറിൽ തന്നെ ക്ലബ് വിടണമെന്ന മുന്നറിയിപ്പ് അവർ നൽകിയിട്ടുണ്ട്.

കരാർ പുതുക്കാതെ ക്ലബിനൊപ്പം തുടരാനാണ് എംബാപ്പയുടെ ഉദ്ധേശമെങ്കിൽ താരത്തെ അടുത്ത സീസണിൽ ബെഞ്ചിലിരുത്തുമെന്ന മുന്നറിയിപ്പും പിഎസ്‌ജി നൽകിയിട്ടുണ്ട്. എന്നാൽ ആ ഭീഷണി കൊണ്ട് യാതൊരു കാര്യവുമില്ലെന്നും ബെഞ്ചിലിരുന്നായാലും കരാർ അവസാനിച്ച ഫ്രീ ഏജന്റായി ക്ലബ് വിടുകയെന്നാണ് എംബാപ്പയുടെ ഉദ്ദേശമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പിഎസ്‌ജി കരുതുന്നത് റയൽ മാഡ്രിഡാണ് എംബാപ്പയുടെ തീരുമാനത്തിന്റെ പിന്നിലെന്നാണ്. അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് ക്ലബ് നേതൃത്വം കരുതുന്നത്. 2025 വരെ പിഎസ്‌ജിക്കൊപ്പം തുടരാമെന്ന് സമ്മതിച്ച താരത്തിന്റെ ഈ നീക്കം ചതിയായാണ് ക്ലബ് കണക്കാക്കുന്നത്.

കരാർ അവസാനിക്കുന്നത് വരെ എംബാപ്പെ ക്ലബിനൊപ്പം തുടർന്നാൽ പിഎസ്‌ജിക്കതു വലിയ തിരിച്ചടിയാകും. താരത്തിനായി ഒരു തുകയും ലഭിക്കില്ലെന്നതിനു പുറമെ കരാർ പൂർത്തിയാക്കുന്നതിന്റെ ബോണസ് അടക്കമുള്ള തുക നൽകേണ്ടിയും വരുമെന്നുറപ്പാണ്.

You Might Also Like