നാല് മാസത്തിനിടെ രണ്ടു കിരീടങ്ങൾ അർജന്റീനക്കൊപ്പം നേടാനാവസരം, ലയണൽ മെസി ഒളിമ്പിക്‌സ് കളിക്കാൻ സാധ്യത

ലോകഫുട്ബോളിലെ സൂപ്പർതാരമായ ലയണൽ മെസിയുടെ കിരീടവേട്ട അവസാനിക്കുന്നില്ല. ദേശീയ ടീമിനൊപ്പം കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയ ലയണൽ മെസി ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. എന്നാൽ അതിനു പുറമെ ഒളിമ്പിക്‌സിലും അർജന്റീനക്ക് വേണ്ടി ലയണൽ മെസി കളിക്കാനുള്ള സാധ്യതയുണ്ടെന്ന് പരിശീലകനായ മഷറാനോ പറയുന്നു.

ഒരു പതിറ്റാണ്ടിലേറെയായി അർജന്റീന ടീമിന്റെ ഉയർച്ചയിലും താഴ്‌ചയിലും കൂടെയുണ്ടായിരുന്ന താരങ്ങളാണ് ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും. കരിയറിന്റെ അവസാന കാലഘട്ടത്തിൽ ഇവർ രണ്ടു പേരും സാധ്യമായ കിരീടങ്ങളെല്ലാം ടീമിന് നേടിക്കൊടുത്തു. മെസിയും ഡി മരിയയും അർജന്റീന ടീമിനൊപ്പം ഒളിമ്പിക്‌സ് കളിക്കാൻ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും മഷറാനോ അത് നിഷേധിച്ചു.

അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് പ്രകാരം ലയണൽ മെസിയെയും ഏഞ്ചൽ ഡി മരിയയെയും ഒളിമ്പിക്‌സിനുള്ള ടീമിനൊപ്പം ചേരാൻ ക്ഷണിച്ചിട്ടുണ്ട്. ലയണൽ മെസി ഇക്കാര്യത്തിൽ ചർച്ചകൾ നടത്താമെന്ന് സമ്മതിച്ചതായി അദ്ദേഹം പറയുന്നു. ഏഞ്ചൽ ഡി മരിയ ക്ഷണത്തിനു നന്ദി പറഞ്ഞെങ്കിലും ടൂർണമെന്റ് കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാത്തതിനാൽ താരം ഉണ്ടാകില്ലെന്നാണ് മഷറാനോ പറഞ്ഞത്.

കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം വിരമിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഏഞ്ചൽ ഡി മരിയ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ താരം ഒളിമ്പിക്സിന് ഉണ്ടാകാനുള്ള സാധ്യതയില്ല. എന്നാൽ ലയണൽ മെസിക്ക് ദേശീയടീമിനൊപ്പം നേട്ടങ്ങൾ സ്വന്തമാക്കാൻ താല്പര്യമുള്ളതിനാൽ അദ്ദേഹം ഫ്രാൻസിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇറങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ട്.

You Might Also Like