ലയണൽ മെസിയുടെ സ്ഥാനത്തേക്ക് റയൽ മാഡ്രിഡ് താരം, ക്ലബിൽ തുടരാനുള്ള ഓഫർ നിരസിച്ചു

റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോ ഈ സീസണോടെ ക്ലബ് വിടുമെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. കരാർ അവസാനിക്കുന്ന താരത്തിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറായെങ്കിലും അസെൻസിയോ അത് വേണ്ടെന്നു വെച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇരുപത്തിയേഴുകാരനായ താരം നിരവധി വർഷങ്ങൾ നീണ്ട റയൽ മാഡ്രിഡ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് ക്ലബ് വിടുന്നത്.

റയൽ മാഡ്രിഡ് വിടുന്ന മാർകോ അസെൻസിയോ അടുത്ത ക്ലബ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ് താരം ചേക്കേറാനൊരുങ്ങുന്നത്. ഇക്കാര്യത്തിൽ താരം തീരുമാനമെടുത്തിട്ടുണ്ട്. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ അടുത്ത സീസണിൽ അസെൻസിയോ റയൽ മാഡ്രിഡിന്റെ ജേഴ്‌സിയണിയും.

ഈ സീസണോടെ ഫ്രഞ്ച് ക്ലബിൽ നിന്നും ലയണൽ മെസി വിടപറയുകയാണ്. റൈറ്റ് വിങ്ങിൽ കളിക്കുന്ന ലയണൽ മെസിയുടെ പൊസിഷനിലേക്കാണ് അസെൻസിയോയെ പിഎസ്‌ജി സ്വന്തമാക്കുന്നത്. പിഎസ്‌ജിയിലേക്ക് ചേക്കേറിയാൽ അവസരങ്ങൾ കൂടുതൽ ലഭിക്കുമെന്നതും എംബാപ്പെക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് സൃഷ്‌ടിക്കാമെന്നതും അസെൻസിയോ പരിഗണിക്കുന്ന കാര്യങ്ങളാണ്.

റയൽ മാഡ്രിഡിൽ അസെൻസിയോ കൂടുതലും പകരക്കാരന്റെ വേഷത്തിലാണുള്ളത്. വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ കളിക്കാർ ഉയർന്നു വന്നതോടെ ആദ്യ ഇലവനിൽ സ്ഥാനം നഷ്‌ടമായത് അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനെ ബാധിക്കുമെന്നതിനാൽ കൂടിയാണ് അസെൻസിയോ ക്ലബ് വിടുന്നത്. അതേസമയം തങ്ങളുമായി ശീതയുദ്ധം നടത്തുന്ന പിഎസ്‌ജിയിലേക്ക് ഒരു താരം ചേക്കേറുന്നത് റയൽ മാഡ്രിഡിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്.

You Might Also Like