റൊണാൾഡോക്കൊപ്പം ചേരാൻ കരാർ റദ്ദാക്കി മാഴ്‌സലോ, എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌ത്‌ റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിൽ ചരിത്രനേട്ടങ്ങൾ ഉണ്ടാക്കിയ താരങ്ങളാണ് റൊണാൾഡോയും മാഴ്‌സലോയും. നിരവധി വർഷങ്ങൾ ഒരുമിച്ച് കളിച്ച ഇരുവരും ഒട്ടനവധി കിരീടങ്ങൾ റയൽ മാഡ്രിഡിനായി സ്വന്തമാക്കി. യുവന്റസിലേക്ക് ചേക്കേറുമ്പോൾ റയൽ മാഡ്രിഡിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കിയിരുന്നു. അതേസമയം റയൽ മാഡ്രിഡിനായി ഏറ്റവുമധികം കിരീടങ്ങൾ സ്വന്തമാക്കിയ താരമെന്ന നേട്ടത്തോടെയാണ് മാഴ്‌സലോ ക്ലബ് വിട്ടത്.

റയൽ മാഡ്രിഡിൽ കളിച്ചിരുന്ന സമയത്ത് റൊണാൾഡോയും മാഴ്‌സലോയും തമ്മിലുണ്ടായിരുന്ന സൗഹൃദം വളരെ പ്രശസ്‌തമായിരുന്നു. കളിക്കളത്തിലും പുറത്തും ഇരുവരും ഒരുമിച്ച് നിന്നു. റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടിട്ടും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും റൊണാൾഡോയെ പിന്തുണച്ച് മാഴ്‌സലോ രംഗത്തു വന്നിരുന്നു. ഇപ്പോൾ രണ്ടു താരങ്ങളും വീണ്ടും ഒരുമിക്കാനുള്ള സാധ്യത വർധിച്ചിരിക്കയാണ്.

റയൽ മാഡ്രിഡ് വിട്ടതിനു ശേഷം മാഴ്‌സലോ കളിച്ചിരുന്നത് ഗ്രീക്ക് ക്ലബായ ഒളിമ്പിയാക്കോസിന് വേണ്ടിയാണ്. ഒരു വർഷത്തെ കരാറിൽ ഗ്രീസിലെത്തിയ താരം അത് തീരാൻ നാല് മാസം ബാക്കി നിൽക്കെ കോണ്ട്രാക്റ്റ് റദ്ദാക്കിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. കരാർ റദ്ദാക്കിയ മാഴ്‌സലോക്ക് പരിക്കാനെന്നും അതിൽ നിന്നും മുക്തനാവാൻ താരത്തിന്റെ മുൻ ക്ലബായ റയൽ മാഡ്രിഡ് സഹായിക്കാമെന്ന് വാഗ്‌ദാനം നൽകിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ മാഴ്‌സലോ മാഡ്രിഡിൽ പരിശീലനം നടത്തുന്നുണ്ടെന്നും വാർത്തകളുണ്ട്.

റൊണാൾഡോയുടെ കൂടെ മാഴ്‌സലോയെ അണിനിരത്തി റയൽ മാഡ്രിഡിലെ പഴയ കൂട്ടുകെട്ട് വീണ്ടും സൃഷ്‌ടിക്കാൻ അൽ നസ്റിന് താൽപര്യമുണ്ട്. എന്നാൽ താരത്തിന്റെ പരിക്കിനെ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞതിനു ശേഷമേ കൂടുതൽ നടപടികൾ ഉണ്ടാവുകയുള്ളൂ. റയൽ മാഡ്രിഡ് ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം നടത്തി പരിക്ക് ഭേദമാക്കി അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഴ്‌സലോ റൊണാൾഡോക്കൊപ്പം വീണ്ടും ഒരുമിക്കാനാണ് സാധ്യത.

You Might Also Like