ബയേൺ മ്യൂണിക്കിൽ തുടരില്ല, രണ്ടു സൂപ്പർതാരങ്ങൾ പ്രീമിയർ ലീഗിലേക്ക് മടങ്ങും

കഴിഞ്ഞ സീസണിന്റെ തുടക്കത്തിലും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലുമായി പ്രീമിയർ ലീഗ് വിട്ട് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ രണ്ടു താരങ്ങളും ജർമൻ ക്ലബിനൊപ്പം തുടരില്ല. ലിവർപൂൾ വിട്ട് വന്ന സാഡിയോ മാനെയും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുമെത്തിയ ജോവോ കാൻസലോയുമാണ് തിരിച്ചു പ്രീമിയർ ലീഗിലേക്ക് തന്നെ പോകാനുള്ള സാധ്യതകൾ തെളിഞ്ഞു കാണുന്നത്.

മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ജനുവരി ജാലകത്തിൽ ടീമിന്റെ പ്രധാന താരമായ കാൻസലോ ക്ലബ് വിട്ടത്. ലോണിൽ ബയേൺ മ്യൂണിക്കിലെത്തിയ താരം മികച്ച പ്രകടനം നടത്തിയെങ്കിലും സ്ഥിരം കരാറിൽ സ്വന്തമാക്കാൻ എഴുപതു മില്യൺ നൽകാൻ ബയേൺ മ്യൂണിക്കിന് യാതൊരു താൽപര്യവുമില്ല.

ബയേൺ മ്യൂണിക്ക് സ്വന്തമാക്കാൻ തയ്യാറല്ലാത്തതിനാൽ കാൻസലോക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ തിരിച്ചു വരേണ്ടി വരും. എന്നാൽ ക്ലബിനൊപ്പം അടുത്ത സീസണിൽ കളിക്കാൻ താരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ കാൻസലോയെ സിറ്റി ആരാധകർ കൂക്കി വിളിച്ചിരുന്നു. അതിനാൽ താരം പുതിയ ക്ലബ് കണ്ടെത്താനാണ് ശ്രമിക്കുക.

ലിവർപൂളിന്റെ പ്രധാന താരമായിരുന്ന മാനെ ഈ സീസണിൽ പന്ത്രണ്ടു ഗോളുകൾ ബയേൺ മ്യൂണിക്കിന് വേണ്ടി നേടിയെങ്കിലും സഹതാരമായ സാനെയെ ആക്രമിച്ചതിന്റെ പേരിൽ നടപടിക്ക് വിധേയനായ താരത്തെ നിലനിർത്താൻ പരിശീലകൻ തോമസ് ടുഷെൽ തയ്യാറാകാൻ സാധ്യതയില്ല. പുതിയ പരിശീലകനായ ടുഷെലിന്റെ റീബിൽഡിങ് പ്രക്രിയയുടെ ഭാഗമായി താരം പുറത്താകാൻ തന്നെയാണ് സാധ്യത.

ലിവർപൂൾ വിട്ട മാനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചുവരാനാണ് സാധ്യത. ആഴ്‌സണൽ സെനഗൽ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ബാലൺ ഡി ഓർ പുരസ്‌കാരത്തിന് രണ്ടാം സ്ഥാനത്തു വന്നിട്ടുള്ള താരത്തിന് ആവശ്യക്കാർ ഉണ്ടാകുമെന്നതിൽ സംശയമില്ല.

You Might Also Like