ലോകകപ്പിൽ പതറിയെങ്കിലും ക്ലബിൽ ഉജ്ജ്വല ഫോമിൽ, ലൗടാരോയെ നോട്ടമിട്ട് പ്രീമിയർ ലീഗ് വമ്പൻമാർ

ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ അർജന്റീന താരമായ ലൗടാരോ മാർട്ടിനസിനു കഴിഞ്ഞിരുന്നില്ല. ഒരു ഗോൾ പോലും ടൂർണമെന്റിൽ നേടാൻ കഴിയാതിരുന്ന താരം പല സുവർണാവസരങ്ങളും നഷ്‌ടമാക്കുകയും ചെയ്‌തു. എന്നാൽ ലോകകപ്പ് വിജയത്തിന് ശേഷം ക്ലബിൽ തിരിച്ചെത്തിയ താരം ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്.

ലോകകപ്പിന് ശേഷം ഏറ്റവുമധികം ഗോളുകൾ നേടിയ അർജന്റീന താരങ്ങളിൽ മുന്നിലുള്ള വ്യക്തിയാണ് ലൗടാരോ മാർട്ടിനസ്. ഇതുവരെ പതിനഞ്ചു ഗോളുകൾ താരം ടീമിനായി നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വെറോണക്കെതിരെ ഇന്റർ മിലാൻ ആറു ഗോളിന്റെ വിജയം നേടിയപ്പോൾ അതിൽ രണ്ടു ഗോളും ഒരു അസിസ്റ്റും അർജന്റീന താരത്തിന്റെ വകയായിരുന്നു.

ഈ സീസണിൽ മുപ്പത്തിരണ്ട് ഗോളുകളിൽ പങ്കാളിയായ താരത്തിന്റെ ഫോം കാരണം പ്രീമിയർ ലീഗ് ക്ലബുകൾക്ക് താൽപര്യം വന്നിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ താരത്തിൽ നോട്ടമുള്ള ഒരു ക്ലബെന്ന് കാൽസിയോമെർകാടോ റിപ്പോർട്ട് ചെയ്യുന്നു. ഒരു മികച്ച സ്‌ട്രൈക്കറെ തേടുന്ന അവർ ലൗടാരോ മാർട്ടിനസിനു വേണ്ടി ആന്റണി മാർഷ്യലിനെ വിട്ടുകൊടുക്കാൻ തയാറാണ്.

ലൗറ്റാരോയിൽ താൽപര്യമുള്ള മറ്റൊരു ക്ലബ് ടോട്ടനം ഹോസ്പരാണ്. അടുത്ത സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന ഹാരി കേൻ ഈ സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് കേനിനിയും ലക്ഷ്യമിടുന്നത്. ഹാരി കേൻ ക്ലബ് വിട്ടാൽ അതിനു പകരമാണ് ലൗടാരോയെ സ്വന്തമാക്കാൻ ടോട്ടനം ശ്രമിക്കുന്നത്.

അതേസമയം 2010നു ശേഷം ഇന്റർ മിലാനു ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലൗടാരോ മാർട്ടിനസ്. ചാമ്പ്യൻസ് ലീഗ് സെമിയിലെത്തി അവർ ലീഗിലെ ആറാം സ്ഥാനക്കാരായ എസി മിലാനെയാണ് നേരിടുന്നത്. സെമിയിൽ വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയോ റയൽ മാഡ്രിഡോ ആയിരിക്കും ഇന്റർ മിലാന്റെ ഫൈനലിലെ എതിരാളികൾ.

You Might Also Like