യൂറോപ്യൻ കിരീടമെന്ന മോഹം സഫലമാക്കാൻ എമിലിയാനോ മാർട്ടിനസ്, മൂന്നു ക്ലബുകൾ താരത്തിനായി രംഗത്ത്

വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ആഴ്‌സണലിലും ആസ്റ്റൺ വില്ലയിലും നടത്തിയ തകർപ്പൻ പ്രകടനത്തിനു ശേഷം അർജന്റീന ടീമിന്റെ പ്രധാന ഗോൾകീപ്പറായി മാറിയ താരം രണ്ടു വർഷത്തിനിടെ ടീമിന് മൂന്നു കിരീടങ്ങൾ നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചതിനെ തുടർന്നാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൂടുതൽ വരുന്നത്.

ഖത്തർ ലോകകപ്പിലെ അസാമാന്യ പ്രകടനവും ഇപ്പോൾ ആസ്റ്റൺ വില്ലയിൽ കാണിക്കുന്ന മികവും കാരണം എമിലിയാനോ മാർട്ടിനസ് ഒരു ലോകോത്തര ഗോൾകീപ്പർ എന്ന തലത്തിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ആസ്റ്റൺ വില്ലയിൽ തന്നെ തന്റെ കരിയർ തുടരാൻ താരത്തിന് താൽപര്യമില്ല. ദേശീയ ടീമിനായി എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരം ഇനി ക്ലബ് തലത്തിലും ആ നേട്ടം ആവർത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഈ സീസണിന് ശേഷം എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ല വിടുമെന്നാണ് അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുപ്പതുകാരനായ താരത്തിനായി പ്രീമിയർ ലീഗിൽ നിന്ന് തന്നെ മൂന്നു ക്ലബുകൾ രംഗത്തുണ്ട്. ഡി ഗിയക്ക് പകരക്കാരനെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഹ്യൂഗോ ലോറീസിന്റെ സ്ഥാനത്തേക്ക് മറ്റൊരു കീപ്പറെ തേടുന്ന ടോട്ടനം എന്നിവക്ക് പുറമെ ചെൽസിക്കും എമിലിയാനോയിൽ താൽപര്യമുണ്ട്.

ചെൽസിയിൽ ഇപ്പോൾ തന്നെ രണ്ടു മികച്ച കീപ്പർമാർ ഉള്ളതിനാൽ അവസരങ്ങൾ കൂടുതൽ ലഭിക്കുന്ന ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളെയാവും എമിലിയാനോ കൂടുതൽ പരിഗണിക്കുക. അതിൽ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് സാധ്യതയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് താരം കൂടുതൽ പരിഗണന കൊടുത്തേക്കും. ആഹ്മവിശ്വാസത്തിന്റെ പ്രതിരൂപമായ എമിലിയാനോയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഈ ക്ളബുകൾക്കും ഒരു മുതൽക്കൂട്ടായിരിക്കും.

You Might Also Like