ഫ്രീ കിക്ക് ഗോളുകളിൽ മെസിയുടെ പിൻഗാമി, അർജന്റീന താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡും രംഗത്ത്

ഖത്തർ ലോകകപ്പിൽ അവസാന നിമിഷത്തിൽ ടീമിലിടം പിടിച്ച താരങ്ങളിലൊരാളാണ് തിയാഗോ അൽമാഡ. അമേരിക്കൻ ലീഗ് ക്ലബായ അറ്റ്‌ലാന്റാ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരത്തിന് ലോകകപ്പിൽ കാര്യമായ അവസരമൊന്നും ലഭിച്ചില്ല. എങ്കിലും ഇരുപത്തിരണ്ടാം വയസിൽ തന്നെ ലോകകപ്പ് നേട്ടമെന്ന സ്വപ്‌നം പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞു.

ലോകകപ്പിന് ശേഷം എംഎൽഎസ് സീസൺ ആരംഭിച്ചപ്പോൾ മിന്നുന്ന ഫോമിലാണ് അൽമാഡ കളിച്ചു കൊണ്ടിരിക്കുന്നത്. ഫ്രീ കിക്കുകൾ വഴിയും ബോക്‌സിന് പുറത്തു നിന്നുള്ള തകർപ്പൻ ഷോട്ടുകൾ വഴിയും ഗോളുകൾ നേടുന്ന താരത്തെ മെസിയുടെ പിൻഗാമിയായാണ് പലരും വാഴ്ത്തുന്നത്. ഇപ്പോൾ താരത്തിന് യൂറോപ്പിൽ നിന്നും ഓഫറുകളും വന്നു തുടങ്ങിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളാണ് അൽമാഡക്കു വേണ്ടി കാര്യമായ ശ്രമം നടത്തുന്നത്. പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകളാണ് അൽമാഡയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇരുപത്തിരണ്ടുകാരനായ താരത്തിന് ഭാവിയിൽ ടീമിന്റെ പ്രധാന താരമായി മാറാൻ കഴിയുമെന്ന് രണ്ടു ടീമുകളും കരുതുന്നു.

ഈ സീസണിൽ പതിനെട്ടു മത്സരങ്ങളിൽ നിന്നും പതിനേഴു ഗോളുകളിൽ പങ്കാളിയാകാൻ അൽമാഡക്ക് കഴിഞ്ഞിരുന്നു. ടീമിന്റെ ഏറ്റവും മികച്ച താരമായതിനാൽ തന്നെ ഇപ്പോൾ വിൽക്കാൻ അറ്റ്‌ലാന്റാ യുണൈറ്റഡ് തയ്യാറാകുമോ എന്നറിയില്ല. അതേസമയം അർജന്റീന ആരാധകർ ആഗ്രഹിക്കുന്നത് താരം യൂറോപ്യൻ ക്ലബിൽ കളിക്കണമെന്നാണ്.

You Might Also Like