മെസിയോടും വിനീഷ്യസിനോടും മത്സരിച്ച് മൂന്നാമത്, വമ്പൻ താരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കി മാഞ്ചസ്റ്റർ സിറ്റി

കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഏതാനും പ്രധാന താരങ്ങൾ സമ്മറിൽ കൊഴിഞ്ഞു പോയിരുന്നു. മധ്യനിര താരം ഇൽകെയ് ഗുൻഡോഗൻ ബാഴ്‌സലോണയിലേക്കും വിങ്ങർ റിയാദ് മഹ്റാസ് സൗദിയിലേക്കും ചേക്കേറി. പ്രതിരോധതാരമായ അയ്‌മറിക് ലപോർട്ട സൗദിയിൽ റൊണാൾഡോ കളിക്കുന്ന ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുന്നതിനു തൊട്ടരികിലാണ്.

ഇവർക്കൊത്ത പകരക്കാരെ കണ്ടെത്താനും ഗ്വാർഡിയോളക്ക് കഴിഞ്ഞിരുന്നു. മധ്യനിരയിലേക്ക് ചെൽസിയിൽ നിന്നും മാറ്റിയോ കോവാസിച്ചിനെ എത്തിച്ചപ്പോൾ പ്രതിരോധത്തിലേക്ക് റെക്കോർഡ് ട്രാൻസ്‌ഫറിൽ ക്രൊയേഷ്യൻ താരം ജോസ്കോ ഗ്വാർഡിയോളും വന്നു. ഇപ്പോൾ മുന്നേറ്റനിരയിലേക്ക് മറ്റൊരു വമ്പൻ സൈനിങ്‌ കൂടി മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ബെൽജിയൻ താരമായ ജെറമി ഡോക്കുവിനെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്.

ഇരുപത്തിയൊന്നുകാരനായ ജെറമി ഡോക്കു ഫ്രഞ്ച് ക്ലബായ റെന്നസിന്റെ താരമായിരുന്നു. അറുപതു മില്യൺ യൂറോയാണ് താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച വേഗതയും ഡ്രിബ്ലിങ് മികവുമുള്ള താരം കഴിഞ്ഞ സീസണിൽ റെന്നാസിനായി പതിമൂന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി ആറു ഗോളുകളാണ് നേടിയത്. ഈ സീസണിലും ഒരു മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം ഒരു ഗോൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ യൂറോപ്പിലെ പ്രധാന ഏഴു ലീഗുകളിൽ വിനീഷ്യസിനും മെസിക്കും ശേഷം ഏറ്റവുമധികം ടെക്ക് ഓണുകൾ പൂർത്തിയാക്കിയ താരം ഡോക്കുവാണ്. ഇരുപത്തിയൊന്നുകാരനായ താരം ഇനിയും ചില കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ടെന്നതിൽ സംശയമില്ല. എന്നാൽ താരങ്ങളെ വാർത്തെടുക്കാൻ കഴിവുള്ള പെപ് ഗ്വാർഡിയോളക്ക് കീഴിൽ കളിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാനുള്ള പ്രതിഭ താരത്തിനുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

You Might Also Like