വിയര്‍ത്ത് കേരളം, മധ്യപ്രദേശ് അതിശക്തമായ നിലയില്‍

രഞ്ജി ട്രോഫിയിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരളത്തിനെതിരെ മധ്യപ്രദേശ് അതിശക്തമായ നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് സ്വന്തമാക്കിയത്. സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന യാഷ് ദുബെയുടേയും അര്‍ധ സെഞ്ച്വറിയുമായി ബാറ്റ് ചെയ്യുന്ന രജത്ത് പട്ടീദാറിന്റേയും മികവിലാണ് മധ്യപ്രദേശ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നത്.

യാഷ് ദുബെ 264 പന്തില്‍ 15 ഫോറടക്കം പുറത്താകാതെ 105 റണ്‍സുമായാണ് ബാറ്റിംഗ് തുടരുന്നത്. രജത്ത് പട്ടീദാറാകട്ടെ 183 പന്തില്‍ 13 ഫോറടക്കം 75 റണ്‍സുമായി ദുബെയ്ക്ക് കൂട്ടായി ക്രീസിലുണ്ട്. ഇരുവരും മൂന്നാം വിക്കറ്റില്‍ ഇതുവരെ 130 റണ്‍സ് കൂട്ടുച്ചേര്‍ത്തിട്ടുണ്ട്. 342 പന്തുകള്‍ നേരിട്ടാണ് ദുബെ – പട്ടീദാര്‍ സഖ്യം മുന്നേറുന്നത്.

23 റണ്‍സെടുത്ത ഓപ്പണര്‍ ഹിമാഷു മന്ത്രിയുടേയും 11 റണ്‍സെടുത്ത ശുഭ്മാന്‍ ശര്‍മ്മയുടേയും വിക്കറ്റാണ് മധ്യപ്രദേശിന് നഷ്ടമായത്. കേരളത്തിനായി ജലജ് സക്‌സേനയും സിജുമോന്‍ ജോസഫുമാണ് ഓരോ വിക്കര്‌റ് സ്വന്താമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ നേരിട്ട കേരള നിരയില്‍ ഒരു മാറ്റമുണ്ട്. യുവ പേസ് ബോളര്‍ ഏദന്‍ ആപ്പിള്‍ ടോമിനു പകരം എന്‍.പി. ബേസില്‍ ടീമില്‍ ഇടംപിടിച്ചു. കേരളവും മധ്യപ്രദേശും ഇതുവരെ 6 തവണ ര?ഞ്ജിയില്‍ ഏറ്റുമുട്ടി. മധ്യപ്രദേശ് മൂന്നിലും കേരളം രണ്ടിലും വിജയിച്ചു. ഇരു ടീമുകളും ഓരോ മത്സരത്തില്‍ ഇന്നിങ്‌സ് വിജയവും നേടി.

മധ്യപ്രദേശ് കേരളം മത്സരം ഇരു ടീമുകളെയും സംബന്ധിച്ച് നിര്‍ണായകമാണ്. എലീറ്റ് ഗ്രൂപ്പില്‍ നിന്ന് ഒരു ടീം മാത്രമാണ് നോക്കൗണ്ട് റൗണ്ടിലെത്തുക. നിലവില്‍ കേരളത്തിനും മധ്യപ്രദേശിനും 13 പോയിന്റ് വീതമാണ്. അതിനാല്‍ ഈ മത്സരം ഇരുടീമിനും ജീവന്‍മരണപ്പോരാട്ടമാണ്. ജയിക്കുന്ന ടീം നോക്കൗട്ടിലെത്തും. സമനിലയെങ്കില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം മുന്നേറും.

 

You Might Also Like