നാല് താരങ്ങൾ പുറത്തേക്ക്, പകരക്കാരനായി അർജന്റീന താരത്തെ റാഞ്ചി ലിവർപൂൾ

ഈ സീസൺ അവസാനിക്കുന്നതോടെ നാല് താരങ്ങളാണ് ലിവർപൂൾ വിടാനായി തയ്യാറെടുക്കുന്നത്. മധ്യനിരയിൽ കളിക്കുന്ന താരങ്ങളായ നബി കെയ്റ്റ, ചേംബർലൈൻ, ജെയിംസ് മിൽനർ എന്നിവർക്കൊപ്പം മുന്നേറ്റനിരയിലെ ബ്രസീലിയൻ താരമായ ഫിർമിനോയും ക്ലബ് വിടുമെന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്.

മധ്യനിരയിൽ നിന്നും ഇത്രയും വലിയൊരു കൊഴിഞ്ഞു പോക്ക് ഉണ്ടാകുന്നതിനാൽ അതിനു പകരം പുതിയ താരങ്ങളെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമം നടത്തുന്നുണ്ട്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനം നടത്തിയ അലക്‌സിസ് മാക് അലിസ്റ്ററാണ് ലിവർപൂളിന്റെ ലിസ്റ്റിലുള്ള പ്രധാന താരങ്ങളിലൊരാൾ.

മാക് അലിസ്റ്ററെ ലിവർപൂൾ സ്വന്തമാക്കുന്നതിന്റെ അരികിലെത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിനാലു വയസുള്ള അർജന്റീന താരം ലിവർപൂളിലേക്ക് ചേക്കേറുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്.

എഴുപതു മില്യൺ യൂറോയോളം അർജന്റീന താരത്തിനായി ലിവർപൂൾ നൽകേണ്ടി വരും. ടീമിലെ പ്രധാന താരങ്ങളിൽ പലരും ഈ സീസണു ശേഷം ഉണ്ടാകുമെന്നതിനാൽ തുക നൽകാൻ ലിവർപൂൾ ഒരുക്കമാണ്. അതേസമയം ലിവർപൂളിനോട് സമ്മതം അറിയിച്ചെങ്കിലും ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരെയും പൂർത്തിയായിട്ടില്ല.

ഖത്തർ ലോകകപ്പിൽ പകരക്കാരനായി ഇറങ്ങി പിന്നീട് ടീമിലെ പ്രധാന താരമായി മാറിയ കളിക്കാരനാണ് മാക് അലിസ്റ്റർ. ഫൈനലിലെ ഒരു അസിസ്റ്റും പോളണ്ടിനെതിരായ ഒരു ഗോളും താരം സ്വന്തമാക്കി. ഈ സീസണിൽ ബ്രൈറ്റണിനു വേണ്ടി പത്ത് ഗോളുകളും മധ്യനിരയിൽ കളിക്കുന്ന താരം നേടിയിട്ടുണ്ട്.

You Might Also Like