റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി, മറ്റൊരു താരം കൂടി സൗദി അറേബ്യയിലേക്ക്

സൗദി അറേബ്യയിലേക്കുള്ള കരിം ബെൻസിമയുടെ ട്രാൻസ്‌ഫർ റയൽ മാഡ്രിഡിനെ ഞെട്ടിച്ച ഒന്നായിരുന്നു. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരം ക്ലബിനൊപ്പം തുടരുമെന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായി വിട പറയുന്നത്. സൗദിയുടെ വമ്പൻ ഓഫറിനു പുറമെ മുസ്‌ലിം രാജ്യമായതു കൂടിയാണ് കരിം ബെൻസിമ സൗദിയിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുക്കാൻ കാരണം.

കരിം ബെൻസിമ ക്ലബ് വിട്ടതിന്റെ തിരിച്ചടി മാറും മുൻപ് മറ്റൊരു താരം കൂടി സൗദി അറേബ്യയുടെ ഓഫർ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നിരവധി വര്ഷങ്ങളായി റയൽ മാഡ്രിഡ് മധ്യനിരയുടെ നട്ടെല്ലായി തുടരുന്ന ലൂക്ക് മോഡ്രിച്ചാണ് ക്ലബ് വിടുന്ന കാര്യം പരിഗണിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമമായ കോപ്പെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മുപ്പത്തിയേഴുകാരനായ ലൂക്ക മോഡ്രിച്ചിന്റെ കരാർ ഈ ജൂണോടെ അവസാനിക്കാൻ പോവുകയാണ്. എന്നാൽ താരത്തിന്റെ കരാർ ഒരു വര്ഷം കൂടി പുതുക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുകയായിരുന്നു. സൗദി അറേബ്യയിലേക്ക് ചേക്കേറാൻ മോഡ്രിച്ച് തീരുമാനിച്ചാൽ ഫ്രീ ഏജന്റായി താരത്തെ വിട്ടുകൊടുക്കേണ്ടി വരും. സൗദി വമ്പൻ ഓഫറാണ് മോഡ്രിച്ചിന് മുന്നിൽ വെച്ചിരിക്കുന്നത്.

റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്‌ഹാമിനെ സ്വന്തമാക്കിയതിനാൽ അടുത്ത സീസണിൽ മോഡ്രിച്ചിന് അവസരങ്ങൾ കുറവായിരിക്കാനുള്ള സാധ്യതയുണ്ട്. മുപ്പത്തിയേഴുകാരനായ തന്റെ കരിയറിൽ ഇനി അധികകാലം ബാക്കിയില്ലാത്തതിനാൽ കൂടുതൽ പ്രതിഫലം നൽകിയുള്ള സൗദിയുടെ ഓഫർ താരം പരിഗണിക്കുന്നതിൽ തെറ്റു പറയാൻ കഴിയില്ല. എന്നാൽ റയൽ മാഡ്രിഡിന് അവരുടെ പരിചയസമ്പന്നനായ താരത്തെയാണ് നഷ്‌ടമാകാൻ പോകുന്നത്.

You Might Also Like