നെയ്‌മറെ മിന്നും ഫോമിൽ കളിപ്പിച്ച പരിശീലകൻ പിഎസ്‌ജിയിലേക്ക്, ഇനി കളി മാറും

വമ്പൻ താരങ്ങളുണ്ടായിട്ടും മോശം ഫോമിലാണ് പിഎസ്‌ജി. ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ മുന്നേറ്റമുണ്ടാക്കാൻ അവർക്ക് കഴിയുന്നില്ല. മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ കളിക്കാർ ഉണ്ടായിട്ടും രണ്ടു വർഷമായി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പുറത്തായ ടീം ഈ സമ്മറിൽ വലിയൊരു അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്.

ലയണൽ മെസിയെ നിലനിർത്താൻ പിഎസ്‌ജിക്ക് താൽപര്യമുണ്ടായിരുന്നു എങ്കിലും താരം ക്ലബ് വിട്ടു. നെയ്‌മർ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള എംബാപ്പെ അത് പുതുക്കാൻ താൽപര്യമില്ലെന്ന് തുറന്നു പറയുകയുണ്ടായി. ഇതിനിടയിൽ നിലവിലെ പരിശീലകനായ ഗാൾട്ടിയറെ മാറ്റി പുതിയ പരിശീലകനെ നിയമിക്കാൻ പിഎസ്‌ജി ഒരുങ്ങുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ, സ്‌പെയിൻ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ലൂയിസ് എൻറിക്വയാണ് അടുത്ത സീസണിൽ പിഎസ്‌ജിയുടെ പരിശീലകനായി ഉണ്ടാവുക. അടുത്ത ദിവസങ്ങളിൽ തന്നെ സ്‌പാനിഷ്‌ പരിശീലകൻ ക്ലബുമായി ധാരണയിൽ എത്തുമെന്നാണ് സൂചനകൾ. നെഗൽസ്‌മാനുമായി നടത്തിയ ചർച്ചകൾ മുന്നോട്ടു പോയിരുന്നെങ്കിലും നിലവിൽ അത് അവസാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മികച്ച ടീമിനെ ലഭിച്ചാൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ബാഴ്‌സലോണയിൽ തെളിയിച്ച പരിശീലകനാണ് ലൂയിസ് എൻറിക്വ. അദ്ദേഹത്തിന് മികച്ച താരങ്ങളെ നൽകാൻ പിഎസ്‌ജിക്ക് കഴിയുകയും ചെയ്യും. എൻറിക്വ വന്നാൽ നെയ്‌മർ പിഎസ്‌ജിയിൽ തുടരാനുള്ള സാധ്യത വർധിക്കുമെന്നതും പ്രധാനമാണ്. ബാഴ്‌സലോണയിൽ ലൂയിസ് എൻറിക്വക്ക് കീഴിൽ കളിച്ച് മികച്ച പ്രകടനം നെയ്‌മർ നടത്തിയിട്ടുണ്ട്.

You Might Also Like