ലിവർപൂൾ സൂപ്പർതാരത്തിന്റെ മാതാപിതാക്കളെ കിഡ്‌നാപ്പ് ചെയ്‌തു, മാതാവിനെ രക്ഷപ്പെടുത്തി

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒരു സംഭവത്തിൽ ലിവർപൂൾ മുന്നേറ്റനിര താരമായ ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ കിഡ്‌നാപ്പ് ചെയ്‌തു. കഴിഞ്ഞ ദിവസം നടന്ന സംഭവം ഇപ്പോഴാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊളംബിയയിലെ ഒരു പട്ടണത്തിൽ വെച്ചാണ് സംഭവം നടന്നത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവർ രണ്ടു പേരെയും തടഞ്ഞു നിർത്തിയതിനു ശേഷം അതെ കാറിൽ തന്നെ അവരെ കടത്തിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

നോർത്തേൺ കൊളംബിയയിലെ ലാ ഗുവാജിറാ പ്രവിശ്യയിൽ വെച്ചാണ് ലിവർപൂൾ താരത്തിന്റെ മാതാപിതാക്കളെ കടത്തിയത്. ഇവർ യാത്ര ചെയ്യുന്ന വാഹനത്തിന്റെ പുറകെ ഒരു മോട്ടോർസൈക്കിൾ പിന്തുടരുന്നതിന്റെ വീഡിയോ അടക്കമുള്ള ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൊളംബിയൻ പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലും രക്ഷപ്പെടുത്താനുള്ള നീക്കത്തിനും ശേഷം ലൂയിസ് ഡയസിന്റെ അമ്മയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അച്ഛന് വേണ്ടിയുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.

എന്തിനു വേണ്ടിയാണ് ഇവരെ കിഡ്‌നാപ്പ് ചെയ്‌തത്‌ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. ഇതുപോലെയുള്ള സംഭവങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കൊളംബിയ. മയക്കുമരുന്ന് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ അവിടെ പണത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടു പോകൽ വ്യാപകമായി നടക്കാറുണ്ട്. അതുപോലെ എന്തെങ്കിലും ഉന്നം വെച്ചാണോ ഇത്തരത്തിൽ ചെയ്‌തതെന്ന്‌ ഇതുവരെയും വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് പുറത്തു വിടുന്നില്ല.

അന്വേഷണം നടത്താനായി പോലീസ് ഒരു പ്രത്യേക ടീമിനെ വിനിയോഗിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ ശ്രദ്ധ ലഭിച്ച ഒരു വിഷയമാണ് എന്നതിനാൽ തന്നെ ഊർജ്വസ്വലമായാണ് പോലീസ് അന്വേഷണം നടത്തുന്നത്. 2022ൽ പോർട്ടോയിൽ നിന്നും ലിവർപൂളിൽ എത്തിയ ലൂയിസ് ഡയസ് ദേശീയ ടീമിലെ പ്രധാന താരമാണ്. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ ലയണൽ മെസിക്കൊപ്പം ടോപ് സ്‌കോറർ സ്ഥാനം നേടിയത് ലൂയിസ് ഡയസായിരുന്നു.

You Might Also Like