ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മധ്യനിര തളരും, സൂപ്പർതാരം പരിക്കേറ്റു പുറത്ത്

ഖത്തർ ലോകകപ്പിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ടീമാണ് അർജന്റീന. 2019ൽ തുടങ്ങിയ അപരാജിത കുതിപ്പ് ഇപ്പോഴും തുടരുന്ന അർജന്റീന മുപ്പത്തിയഞ്ചു കളികൾ തോൽവിയറിയാതെ പൂർത്തിയാക്കിയാണ് ലോകകപ്പിനെത്തുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നും അർജന്റീന തന്നെയാണ്.

എന്നാൽ ഇത്തവണ ലോകകപ്പിനായി ഒരുങ്ങുന്ന അർജന്റീനക്ക് കനത്ത തിരിച്ചടി നൽകി ടീമിലെ മധ്യനിര താരമായ ജിയോവാനി ലോ സെൽസോക്ക് ടൂർണമെന്റ് നഷ്ടമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അത്ലറ്റികോ ബിൽബാവോയുമായി നടന്ന സ്‌പാനിഷ്‌ ലീഗ് മത്സരത്തിനിടെ പരിക്കേറ്റു പുറത്തായ താരം ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ എങ്കിലും അതിനു സാധ്യതയില്ലെന്നാണ് അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ടിന്റെ ജേര്ണലിസ്റ്റായ ഗാസ്റ്റാൻ എഡുൽ റിപ്പോർട്ട് ചെയ്യുന്നത്.

അർജന്റീനിയൻ ജേര്ണലിസ്റ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം കാലിന്റെ മസിലിനു പരിക്കേറ്റ ലൊ സെൽസോക്ക് ശസ്ത്രക്രിയ വേണ്ടി വരാൻ സാധ്യതയുണ്ട്. ഏതാനും പരിശോധനകൾ കൂടി നടത്തിയാലേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയൂ. ശസ്ത്രക്രിയ വേണ്ടി വന്നാൽ താരത്തിന് എട്ടാഴ്‌ചയോളം വിശ്രമം വേണ്ടി വരും. ഇതോടെ ലോകകപ്പിനുള്ള ടീമിൽ നിന്നും മുൻ ടോട്ടനം ഹോസ്‌പർ താരം പുറത്താവുമെന്നുറപ്പിക്കാം.

ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോ സെൽസോ പരിക്കേറ്റു പുറത്തു പോകുന്നത് അർജന്റീന ടീമിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. ലയണൽ സ്‌കലോണി ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ടീമിന്റെ മധ്യനിരയിലെ പ്രധാന താരമായ ജിയോണി ലോ സെൽസോ. കോപ്പ അമേരിക്ക കിരീടമടക്കം നേടിയ താരത്തെ നഷ്ടമായാൽ അത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെങ്കിലും പകരക്കാരനാവാൻ കഴിയുന്ന കളിക്കാർ അർജന്റീന ടീമിലുണ്ടെന്നത് ആശ്വാസമാണ്.

You Might Also Like