മെസി കളിക്കില്ല, അർജന്റീന ടീമിൽ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് പരിശീലകൻ

ഇന്തോനേഷ്യക്കെതിരെ നടക്കുന്ന സമ്മറിൽ അവസാനത്തെ ഇന്റർനാഷണൽ ഫ്രണ്ട്‌ലി മാച്ചിൽ അർജന്റീന നായകനായ ലയണൽ മെസി കളിക്കില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോണി വ്യക്തമാക്കി. ചൈനയിൽ വെച്ച് ഓസ്‌ട്രേലിയക്കെതിരെ നടന്ന കഴിഞ്ഞ ഇന്റർനാഷണൽ ഫ്രണ്ട്ലി മാച്ചിൽ മെസി കളിക്കുകയും ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്‌തിരുന്നു.

പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണമല്ല, മറിച്ച് വിശ്രമം നൽകുന്നതിന് വേണ്ടിയാണ് ലയണൽ മെസി കളിക്കാതിരിക്കുന്നത്. ലയണൽ മെസി ഉൾപ്പെടെ അർജന്റീന ടീമിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്ന് സ്‌കലോണി വ്യക്തമാക്കി. മെസിയുടെ അഭാവത്തിൽ ഇന്തോനേഷ്യൻ ആരാധകർ നിരാശരാകുമെന്ന് അറിയാമെങ്കിലും വലിയൊരു സീസൺ കളിച്ചെത്തിയ താരങ്ങൾക്ക് വിശ്രമം വേണമെന്ന് സ്‌കലോണി വ്യക്തമാക്കുന്നു.

ലയണൽ മെസിക്ക് പകരക്കാരനായി ആരെയാകും ഇറക്കുകയെന്ന ചോദ്യത്തിന് മെസിക്ക് ആർക്കും പകരമാകില്ലെന്നാണ് സ്‌കലോണി മറുപടി പറഞ്ഞത്. എങ്കിലും താരത്തിന്റെ അസാന്നിധ്യം നികത്താൻ കഴിയുന്ന രീതിയിൽ കളിക്കാനാണ് അർജന്റീന ശ്രമിക്കുകയെന്നും അതിനുള്ള പരിശീലനം ടീമിന് നൽകിയിട്ടുണ്ടെന്നും പരിശീലകൻ പറഞ്ഞു. മെസിയുടെ അതെ പൊസിഷനിൽ മറ്റൊരു താരം കളിക്കുമെന്നും സ്‌കലോണി വ്യക്തമാക്കി.

ടീമിൽ മാറ്റങ്ങൾ വരുത്തുന്നത് ഇന്തോനേഷ്യ ചെറിയൊരു ടീമാണെന്നതു കൊണ്ടല്ലെന്നും സ്‌കലോണി പറഞ്ഞു. മറിച്ച് നിരവധി പുതിയ താരങ്ങളെ ടീമിൽ പരീക്ഷിക്കാനുള്ള ഒരു അവസരമായാണ് ഈ മത്സരത്തെ കാണുന്നതെന്നും അതിനു വേണ്ടിയാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണിതെന്ന് വ്യക്തമാണ്.

You Might Also Like