മെസിക്ക് മുന്നിൽ നിരവധി യൂറോപ്യൻ ക്ലബുകളുടെ ഓഫറുകൾ, പിഎസ്‌ജിയിൽ താരമിനി തുടരില്ല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന വിവാദസംഭവങ്ങളോടെ ഇനി പിഎസ്‌ജിയിൽ തുടരില്ലെന്ന് ലയണൽ മെസി ഉറപ്പിച്ചിട്ടുണ്ട്. ഒരാഴ്‌ച മുൻപ് വരെ താരം ഫ്രഞ്ച് ക്ലബിൽ തന്നെ തുടരാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങളിൽ ഒരിക്കലും ഇനി കരാർ പുതുക്കില്ലെന്ന് ലയണൽ മെസി തീരുമാനിച്ചു കഴിഞ്ഞു.

ലയണൽ മെസി ഇനി എവിടേക്ക് ചേക്കേറുമെന്നതാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി അതിനു തടസമാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാതെ ലാ ലിഗ മെസിയെ കൊണ്ടുവരാനുള്ള നീക്കത്തിന് അനുമതി നൽകുകയുമില്ല.

ലയണൽ മെസിയെ സംബന്ധിച്ച് ഇനിയുള്ള സാധ്യതകൾ സൗദിയും അമേരിക്കൻ ലീഗുമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതങ്ങിനെയല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ നിൽക്കുന്ന ന്യൂകാസിൽ യുണൈറ്റഡിന് താരത്തിൽ താൽപര്യമുണ്ടെന്നും അവർ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്.

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലാണ് ന്യൂകാസിൽ യുണൈറ്റഡുള്ളത്. നിലവിൽ സൗദി ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് ലയണൽ മെസി. അതുകൊണ്ടു തന്നെ നിലയിൽ സൗദി ക്ലബിലേക്കു ചേക്കേറാൻ മെസി നടത്തുന്ന ചർച്ചകൾ ന്യൂകാസിൽ യുണൈറ്റഡിലേക്ക് വരുന്നതിനു വേണ്ടിയാകാൻ സാധ്യതയുണ്ട്.

അതിനു പുറമെ ചെൽസിയും താരത്തിനായി രംഗത്തുണ്ട്. പണം ചിലവഴിക്കാൻ ഒരു മടിയുമില്ലാത്ത ചെൽസിയുടെ ഉടമ ക്ലബിന്റെ ഉയർത്തഴുന്നേൽപ്പാണ്‌ മെസിയെ ടീമിലെത്തിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ മെസി അത് പരിഗണിക്കാൻ സാധ്യതയില്ല.

ബാഴ്‌സക്ക് സ്വന്തമാക്കാൻ കഴിഞ്ഞാൽ മെസി അവിടേക്ക് തന്നെയാകും പോവുക. എന്നാൽ അതിനായി കൂടുതൽ കാത്തിരിക്കാൻ സാധ്യതയില്ല. മെസിയുടെ കരാർ ജൂണോടെ അവസാനിക്കുമെന്നതിനാൽ കൂടുതൽ ക്ലബുകൾ താരത്തിനായി രംഗത്ത് വരുമെന്ന കാര്യത്തിലും സംശയമില്ല.

You Might Also Like