നായകനില്ലാതെ അർജന്റീന ഇറങ്ങും, ലയണൽ മെസി കളിക്കില്ലെന്നു സ്ഥിരീകരിച്ചു

ഇന്റർനാഷണൽ ബ്രേക്കിൽ നടക്കുന്ന അർജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളിലും ലയണൽ മെസി കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്റർ മിയാമിയുടെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയപ്പോഴുണ്ടായ പരിക്കാണ് ലയണൽ മെസി കളിക്കാതിരിക്കാൻ കാരണം.

എൽ സാൽവദോർ, കോസ്റ്ററിക്ക എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരം കളിക്കുന്നത്. നേരത്തെ ആഫ്രിക്കൻ കപ്പ് ഫൈനലിസ്റ്റുകളായ നൈജീരിയ, ഐവറി കോസ്റ്റ് എന്നീ ടീമുകൾക്കെതിരെയാണ് മത്സരം തീരുമാനിച്ചിരുന്നതെങ്കിലും ചൈനയിൽ നടക്കാനിരുന്ന മത്സരം അമേരിക്കയിലേക്ക് മാറ്റേണ്ടി വന്നതിനാൽ ഈ ടീമുകൾ അതിൽ നിന്നും പിന്മാറുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ലയണൽ മെസിയുടെ സാന്നിധ്യം അർജന്റീന ടീമിലുണ്ടാകില്ലെന്ന് ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. ഇന്റർ മിയാമിയും നാഷ്‌വിലും തമ്മിൽ നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യപകുതിയിൽ മാത്രം കളിച്ച ലയണൽ മെസി ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി മിയാമിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ദുർബലരായ എതിരാളികളായതിനാൽ ലയണൽ മെസിയുടെ അഭാവം അർജന്റീന ടീമിനെ ബാധിക്കാനുള്ള സാധ്യതയില്ല. എന്നാൽ കോപ്പ അമേരിക്ക ടൂർണമെന്റ് ജൂണിൽ നടക്കാനിരിക്കുന്നതിനാൽ അതിനു മുൻപ് അർജന്റീന ടീമിന് ഒരുങ്ങാനുള്ള അവസരമാണ് ഈ മത്സരങ്ങൾ. അതുകൊണ്ടു തന്നെ ലയണൽ മെസി ഇല്ലാത്ത അർജന്റീന ആരാധകർക്ക് നിരാശ തന്നെയാണ്.

You Might Also Like