റെയ്‌നയെ എന്തുകൊണ്ട് ആരും ടീമില്‍ എടുത്തില്ല, കാരണം തുറന്ന് പറഞ്ഞ് സംഗ

ഐപിഎല്‍ മെഗാ ലേലത്തില്‍ സുരേഷ് റെയ്നയെ ടീമുകളൊന്നും വാങ്ങാതിരുന്നത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. മിസ്റ്റര്‍ ഐപിഎല്ലെന്നറിയപ്പെടുന്ന റെയ്‌ന അടിസ്ഥാന വിലയായി 2 കോടി രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമെന്നോണം റെയ്നയെ വാങ്ങാന്‍ ടീമുകളൊന്നും താത്പര്യം കാട്ടിയില്ല. ദീര്‍ഘകാലം തങ്ങളുടെ കളിക്കാരനായിരുന്നിട്ടും സിഎസ്‌കെയും റെയ്നയില്‍ താത്പര്യം കാട്ടാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി.

ഇപ്പോഴിതാ റെയ്നയെ ടീമുകള്‍ കൈയ്യൊഴിയാനുള്ള കാരണത്തെക്കുറിച്ച് വിശദമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍ കുമാര്‍ സംഗക്കാര.

റെയ്നയെ ആരും വാങ്ങിയില്ല എന്നത് അദ്ദേഹം ഒരു മോശം കളിക്കാരനാണെന്ന കാരണത്താല്‍ അല്ലെന്ന് സംഗക്കാര പറഞ്ഞു. പല കോണുകളില്‍ നിന്നായി ഇതിനെ വീക്ഷിക്കണം. ഒരു കളിക്കാരനെ തെരഞ്ഞെടുക്കുന്നതില്‍ ചില മാനദണ്ഡങ്ങള്‍ ടീമുകള്‍ക്കുണ്ടെന്നും സംഗക്കാര വ്യക്തമാക്കി.

ഐപിഎല്ലില്‍ സുരേഷ് റെയ്നയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. ഒരു ഇതിഹാസമെന്നുതന്നെ പറയാം. എല്ലാ സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുന്‍നിര ബാറ്റര്‍മാരിലൊരാള്‍. എന്നാല്‍, ഓരോ സീസണിനും അനുസരിച്ചായിരിക്കും ടീമുകള്‍ കളിക്കാരെ തെരഞ്ഞെടുക്കുക. കളിക്കാരുടെ മുന്‍ പ്രകടനങ്ങളും മറ്റു കാര്യങ്ങളും ലേലത്തില്‍ പരിഗണനയ്ക്ക് വന്നേക്കും. യുവ കളിക്കാര്‍ക്ക് നല്‍കുന്ന പ്രാധാന്യവും റെയ്നയെ തഴയാന്‍ കാരണമായിട്ടുണ്ടെന്ന് സംഗക്കാര ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരില്‍ നാലാം സ്ഥാനത്താണ് റെയ്ന. 2020 സീസണില്‍ താരം പിന്മാറിയിരുന്നു. 2021ല്‍ ആദ്യ കളിയില്‍ ഡല്‍ഹിക്കെതിരെ അര്‍ധശതകവുമായി തിരിച്ചെത്തി. എന്നാല്‍, പിന്നീട് പ്രകടനം മോശമായതോടെ റോബിന്‍ ഉത്തപ്പയ്ക്ക് അവസരം നല്‍കി. ഉത്തപ്പ തിളങ്ങിയതോടെ റെയ്ന പുറത്താവുകയും ചെയ്തു.

 

You Might Also Like