300ലേറെ മത്സരം കളിച്ച ഞാനെന്താ പൊട്ടനാണോ? കുല്‍ദീപിനോട് പൊട്ടിത്തെറിച്ച് ധോണി

ഇന്ത്യയുടെ നായകനായിരുന്ന കാലത്ത് ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വിശേഷണത്തിന് ഉടമായയിരുന്നു മഹേന്ദ്ര സിംഗ് ധോണി. മൈതാനത്ത് എന്ത് വലിയ പ്രകോപനങ്ങള്‍ ഉണ്ടായാലും കുലുങ്ങാത്ത ധോണിയെ അമ്പരപ്പോടേയാണ് ക്രി്ക്കറ്റ് ലോകം കണ്ടത്. എന്നാല്‍ ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ ധോണിയുടെ ഈ നിര്‍വ്വികാരത പൊട്ടിത്തെറിയായും മാറിയിട്ടുണ്ട്. അത്തരമൊരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്.

ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ധോണിക്ക് നിയന്ത്രണം നഷ്ടമായ ആ അപൂര്‍വ നിമിഷം കുല്‍ദീപ് പങ്കുവെച്ചത്. 2017 ഡിംസബറില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ട്വന്റി20ക്കിടെയാണ് സംഭവം.

‘മത്സരത്തിനിടെ കുശാല്‍ പെരേരയാണ് ക്രീസില്‍. എനിക്കെതിരെ കുശാല്‍ കവറിനു മുകളിലൂടെ ബൗണ്ടറി നേടി. ഇതോടെ ഫീല്‍ഡിങ് ക്രമീകരണത്തില്‍ വ്യത്യാസം വരുത്താന്‍ ധോണി ഭായ് വിക്കറ്റിനു പിന്നില്‍നിന്ന് വിളിച്ചുപറഞ്ഞു. കവറിലെ ഫീല്‍ഡറെ മാറ്റി പോയിന്റിലേക്ക് കൊണ്ടുവരാനായിരുന്നു പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഞാന്‍ കേട്ടില്ല. തൊട്ടടുത്ത പന്ത് കുശാല്‍ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തി. ഇതോടെ കുപിതനായ ധോണി എന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു: ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ പറയുന്നത് കേട്ടുകൂടേ?’ കുല്‍ദീപ് ഓര്‍ത്തെടുത്തു.

‘അന്നെനിക്ക് അദ്ദേഹത്തോടു പേടിതോന്നി. മത്സരത്തിനുശേഷം ഹോട്ടലിലേക്കു പോകുമ്പോള്‍ ഞാന്‍ ധോണി ഭായിയുടെ അടുത്തെത്തി, ഇതിനു മുന്‍പ് എന്നെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആരോടും ദേഷ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’ കുല്‍ദീപ് യാദവ് പറഞ്ഞു.

അന്ന് ധോണിയുടെ കലിക്ക് ഇരയായശേഷം അദ്ദേഹം നിര്‍ദ്ദേശിച്ചതുപോലെ ഫീല്‍ഡിങ് ക്രമീകരിച്ച കുല്‍ദീപ്, കുശാല്‍ പെരേരയെ പുറത്താക്കി. ആ മത്സരത്തിലാകെ നാല് ഓവര്‍ ബോള്‍ ചെയ്ത കുല്‍ദീപ് 52 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുമെടുത്തു.

You Might Also Like