20 ലക്ഷത്തില്‍ നിന്ന് 9.25 കോടിയിലേക്ക്, വിറവ് മാറുന്നില്ലെന്ന് യുവതാരം

ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരം പോലും കളിക്കാത്ത താരമാണ് കൃഷ്ണപ്പ ഗൗതം. എന്നാല്‍ ഐപിഎല്‍ താരലേലം കഴിഞ്ഞപ്പോള്‍ ഏറ്റവും ശ്രദ്ധേയനായ താരമായി മാറിയിരിക്കുകയാണ് കൃഷ്ണപ്പ ഗൗതം. കേവലം 20 ലക്ഷം അടിസ്ഥാന വിലയുണ്ടായ താരത്തെ 9.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെത്തിച്ചത്.

താര ലേലത്തില്‍ റെക്കോര്‍ഡുകള്‍ മറികടന്ന നിമിഷം വിറക്കുകയായിരുന്നു താനെന്നാണ് കൃഷ്ണപ്പ പറയുന്നത്. ഒരു വാക്കുകൊണ്ടും അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമാണ്. എല്ലായ്പ്പോഴും ധോനിയായിരുന്നു മാതൃക. ധോനിയെന്ന മനുഷ്യനെ, കളിക്കാരനെ, ഫിനിഷറെ ഞാന്‍ ആരാധിക്കുന്നു, ഗൗതം പറഞ്ഞു.

ഇനി ഞാന്‍ ധോനിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ പോവുകയാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനാവും. റിലാക്സ് ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇപ്പോഴും. എന്നാല്‍ ഇപ്പോഴും അതിന് സാധിക്കുന്നില്ല.

റെയ്ന, ധോനി എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാനാവുന്നു. അവര്‍ കളി കൈകാര്യം ചെയ്യുന്ന വിധത്തില്‍ നിന്ന് പഠിക്കാനാവും. പ്രൈസ് ടാഗ് എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഏറ്റവും മികവ് പുറത്തെടുക്കാനാണ് എല്ലായ്പ്പോഴും ശ്രമിക്കുക എന്നും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പുതിയ താരം പറയുന്നു

You Might Also Like