മാറ്റം തുടങ്ങേണ്ട സമയമായിരിക്കുന്നു, അതിജീവിക്കണമെങ്കില്‍ ഇതിഹാസ പദവിയെല്ലാം പരിഗണിക്കാത്ത ടീം വരട്ടെ

സംഗീത് ശേഖര്‍

ടി ട്വന്റി ബാറ്റിങ്ങിന്റെ മുഖം തന്നെ പൂര്‍ണമായി മാറിയ കാലത്തും ഈ ഫോര്‍മാറ്റിലെ ഇന്ത്യയുടെ കണ്‍സര്‍വേറ്റിവ് അപ്പ്രോച്ച് തന്നെയാണ് ഇന്ത്യയെ പുറകോട്ടു വലിക്കുന്നതെങ്കില്‍ ഇത് ഒരൊറ്റ പരമ്പര കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നവുമല്ല. ഐ.പി.എല്ലില്‍ ഇതിലും മികച്ച രീതിയില്‍ ടി ട്വന്റിയെ കൈകാര്യം ചെയ്യുന്ന ടീമുകള്‍ ഉണ്ടെങ്കില്‍ അത് വര്‍ഷങ്ങള്‍ കൊണ്ട് ഓരോ പൊസിഷനിലും കൃത്യമായി ഫിറ്റ് ആകുന്ന കളിക്കാരെ കണ്ടെത്തി അത്തരമൊരു ലെവലിലേക്ക് അതാത് ടീമുകളെ എത്തിച്ച ടീം മാനേജ്മെന്റിന്റെ കൂടെ കഴിവാണ്.

ടോപ് ഓര്‍ഡര്‍ മികച്ച ഫോമിലായിരിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍കൂടെ ഉറപ്പിച്ച സീരീസ്. ഇന്ത്യയെ സംബന്ധിച്ച് എന്നെടുത്ത് പറയണം. കാരണം മറ്റുള്ള മികച്ച ടി ട്വന്റി ടീമുകളില്‍ ടോപ് ഓര്‍ഡറിലെ രണ്ടോ മൂന്നോ ബാറ്റ്സ്മാന്മാര്‍ പരാജയപ്പെടുന്ന സാഹചര്യത്തിലും കോമ്പറ്റിട്ടീവ് ആയൊരു സ്‌കോറിലെത്തിക്കാന്‍ കെല്‍പുള്ള മധ്യനിരയുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ പഴയ ഫോമിലെത്തുക, ജഡേജയുടെ തിരിച്ചുവരവ് തുടങ്ങിയ ഘടകങ്ങള്‍ ഒത്തുവരാത്തിടത്തോളം കാലം ഇന്ത്യക്ക് മത്സരങ്ങള്‍ കളിക്കാതിരിക്കാനും കഴിയില്ലല്ലോ.

ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ സ്ലോ സ്റ്റാര്‍ട്ടര്‍മാര്‍ നിറഞ്ഞതാണെന്നത് കൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്തു സാമാന്യം മികച്ചൊരു സ്‌കോറായ 180 പ്ലസിലെത്തണമെങ്കില്‍ ഇവരിലാരെങ്കിലും അസാധാരണമായൊരു ഇന്നിംഗ്‌സ് കളിക്കേണ്ടി വരും. അങ്ങനെ വരാത്ത അവസരങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കളിക്കുന്ന അസാധ്യ ഇന്നിംഗ്സുകള്‍ക്ക് പോലും വിജയം നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല . കഴിഞ്ഞ ഓസ്ട്രേലിയന്‍ സീരീസിലും ടി ട്വന്റി മത്സരങ്ങളില്‍ ഇത് പ്രകടമായിരുന്നു. ഇന്ത്യ ജയിച്ച രണ്ടു കളിയിലും ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നല്‍കിയിരുന്നു. പരാജയപ്പെട്ട കളിയില്‍ ഓപ്പണര്‍മാരായ ധവാനും രാഹുലും പരാജയപ്പെടുകയും കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിനും ഇന്ത്യയെ രക്ഷിക്കാന്‍ കഴിയാതെ വരുകയും ചെയ്തു.

ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ തുടക്കത്തിലേ തകര്‍ച്ചയെ അതിജീവിക്കുന്ന സമയത്തെ അവരുടെ സ്‌കോറിങ്ങിന്റെ പേസ് ശ്രദ്ധിച്ചാലറിയാം പ്രശ്‌നം എവിടെയാണെന്ന്. മറിച്ച് മികച്ചൊരു അടിത്തറയുടെ മുകളില്‍ നിറഞ്ഞാടാന്‍ വരുന്ന സമയത്തവരുടെ പ്രഹരശേഷി മറ്റാരൊടും കിടപിടിക്കുന്നതുമാണ് . 120 -150 റേഞ്ചിലുള്ള സ്‌കോറുകള്‍ ഒന്നും തന്നെ ഒരു അന്താരാഷ്ട്ര ബാറ്റിംഗ് നിരക്ക് വെല്ലുവിളിയുയര്‍ത്താന്‍ പര്യാപ്തമല്ല എന്നിരിക്കെ ഇഴഞ്ഞു അവിടെയെത്തിയാലും പരാജയം ഓള്‍മോസ്റ്റ് ഉറപ്പാണ് .

ഒരു ബാറ്റിംഗ് ട്രാക്കില്‍ ടി ട്വന്റി ഫോര്‍മാറ്റില്‍ ഇന്നിങ്‌സിന്റെ പേസ് കുറച്ചു കൊണ്ട് അതിജീവനം എന്ന കോണ്‍സപ്റ്റ് തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ മധ്യനിര 15 ഓവറുകള്‍ക്ക് ശേഷമുള്ള ബ്ലാസ്റ്റിനൊപ്പം തന്നെ അഞ്ചാമത്തെ ഓവര്‍ തുടങ്ങി സ്‌കോറിങ് വേഗത കുറക്കാതെ ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യുന്ന രീതിയും അഡാപ്റ്റ് ചെയ്യേണ്ടതുണ്ട് .ഇവിടെയാണ് സൂര്യകുമാര്‍ യാദവിനെ പോലൊരു പ്ലെയറുടെ പ്രാധാന്യം . ഈ ലെവലില്‍ സൂര്യ ഐ.പി.എല്ലിലെ അതെ നിലവാരം പുലര്‍ത്തേണ്ടി വരുമെന്നേയുള്ളൂ .

ധവാന്‍-രാഹുല്‍ , രാഹുല്‍ -ഇഷാന്‍ ,രോഹിത് -രാഹുല്‍ എന്നിങ്ങനെ 3 കളികളില്‍ പരീക്ഷിച്ച 3 ഓപ്പണിംഗ് കൂട്ടുകെട്ടുകളും പരാജയമായിരുന്നു. രണ്ടാമത്തെ കളിയില്‍ താരതമ്യേന അനായാസമായൊരു ടാര്‍ഗറ്റ് ചേസ് ചെയ്യുമ്പോള്‍ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെയും കോഹ്ലിയുടെ ആങ്കറിംഗിന്റെയും ബലത്തില്‍ ജയിച്ചെങ്കിലും നല്ലൊരു ടാര്‍ഗറ്റ് സെറ്റ് ചെയ്യാന്‍ കഴിയുന്നില്ല .

ശ്രേയസ്അയ്യര്‍ നാലാം നമ്പറില്‍ വരുന്ന ഇന്ത്യയുടെ ടോപ് ഫോറില്‍ ഒരാള്‍ പോലും ഈ ഫോര്‍മാറ്റ് ആവശ്യപ്പെടുന്ന പേസില്‍ ഇന്നിംഗ്‌സ് തുടങ്ങുന്നവരല്ല എന്നതാണ് യാഥാര്‍ഥ്യം ,അവിടെയാണ് പ്രശ്‌നവും . ഇഷാന്‍ കിഷനെ പോലെ, റിഷഭ് പന്തിനെ പോലുള്ള കളിക്കാര്‍ കൂടുതലായി വേണമെന്നത് ഉറപ്പാണെങ്കിലും പെട്ടെന്നൊരു ദിവസം കൊണ്ട് ഈ ഫോര്‍മാറ്റിലെ ഇന്ത്യയുടെ സമീപനം മാറ്റിമറിക്കാനും കഴിയില്ല. രണ്ടോ മൂന്നോ പരമ്പരകളില്‍ തുടര്‍ച്ചയായി അവസരം നല്‍കി തന്നെ വേണം ഇത്തരം മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ .വ്യക്തിപരമായ അഭിപ്രായത്തില്‍ മറ്റുള്ള ഫോര്‍മാറ്റുകളിലെ ഇതിഹാസ പദവിയെല്ലാം പരിഗണനക്ക് വരാത്ത വിധമൊരു ബാറ്റിംഗ് ലൈനപ്പായിരിക്കണം ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കുണ്ടാകേണ്ടത് .ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മത്സരങ്ങളിലെ ഫലങ്ങള്‍ തല്ക്കാലം അപ്രസക്തമാണ്.മാറ്റം തുടങ്ങേണ്ട സമയമായിരിക്കുന്നു .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like