രോഹിത്തിനെ പുറത്താക്കിയതിന് പിന്നില്‍ കോഹ്ലി, ടീം ഇന്ത്യയില്‍ പ്രതിഷേധം കത്തുന്നു

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഇന്ത്യന്‍ ഉപനായകന്‍ രോഹിത്ത് ശര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ വിവാദം കത്തുന്നു. രോഹിത്തിനെ പുറത്താക്കിയതിന് പിന്നില്‍ കോഹ്ലിയുടെ ഇടപെടലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആരോപണ പ്രത്യാരോപങ്ങള്‍ സജീവമാണ്. നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്കുള്‍പ്പെടെ ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
പരിക്കിനെ തുടര്‍ന്നാണ് രോഹിത് ടീമില്‍ ഇല്ലാത്തതെന്നാണ് ബിസിസിഐയുടെ വിശദീകരണമെങ്കിലും പിന്നീട് എന്തു കൊണ്ട് അദ്ദേഹം ഐപിഎല്ലില്‍ പിന്‍മാറുന്നില്ലെന്നാണ് വിമര്‍ശകരുടെ ചോദ്യം. മാത്രമല്ല വൈകാതെ തന്നെ രോഹിത് മുംബൈ ടീമില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചതും ബിസിസിഐയെ വെട്ടിലാക്കി.
ഇതിനിടെ പഴയ കോഹ്ലി-രോഹത്ത് തര്‍ക്കം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. ജനുവരി പകുതിയോടെ അവസാനിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ പുരോഗതി ബിസിസിഐയുടെ മെഡിക്കല്‍ ടീം നിരീക്ഷിക്കുമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ഇതേ ദിവസം വൈകുന്നേരം രോഹിത് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ മുംബൈ പുറത്തുവിടുന്നു. എന്താണ് ഇവിടെ നടക്കുന്നത് എന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ഗുപ്തയുടെ ട്വീറ്റ്.
കോഹ്ലിയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന കഴിഞ്ഞു. കോഹ്ലി സ്വാര്‍ത്ഥനായ ക്രിക്കറ്റാറാണെന്നും കോഹ്ലിയുടെ രാഷ്ടീയമാണ് രോഹിത്തിനെ തഴയുന്നതിലേക്ക് എത്തിച്ചതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. കോഹ്ലി ചെയ്ത വലിയ തെറ്റാണിതെന്നും രോഹിത് ശര്‍മയുടെ കീഴില്‍ കളിക്കാന്‍ കോഹ്ലിയ്ക്ക് സ്വന്തം ഈഗോ അനുവദിക്കുന്നില്ലെന്നും ആരോപണം ഉണ്ട്.
രോഹിത്തിനെ പുറത്താക്കിയതില്‍ കോഹ്ലി അനുഭവിക്കുമെന്ന് പറയുന്നവരും ഉണ്ട്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി രോഹിത് ശര്‍മ ഫിറ്റാണ്, പക്ഷെ ടീം ഇന്ത്യക്കു വേണ്ടിയല്ല. ഈ വര്‍ഷം സെലക്ടമാരുടെ ഏറ്റവും വലിയ ഗൂഡാലോചനാണ് ഇതെന്നും മറ്റൊരാള്‍ പറയുന്നു.