എന്തിന് എപ്പോഴും എന്നെ മാത്രം വിമർശിക്കുന്നു? പൊട്ടിത്തെറിച്ചു രാഹുൽ

ഇന്ത്യൻ ടീമിൽ കുറച്ചധികം നാളുകളായി ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ടിരുന്ന ബാറ്ററാണ് കെഎൽ രാഹുൽ. തന്റെ പ്രകടനങ്ങൾ അത്ര മോശമല്ലാതിരുന്ന സമയത്തും രാഹുലിനെതിരെ വലിയ രീതിയിലുള്ള വിമർശന അസ്ത്രങ്ങൾ എത്തിയിരുന്നു. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി പരിക്കുമൂലം രാഹുൽ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നില്ല. ശേഷം ഏഷ്യാകപ്പിലൂടെ തിരിച്ചെത്തിയപ്പോഴും രാഹുലിനെതിരെ പല മുൻ താരങ്ങളും വിമർശനങ്ങൾ ഉന്നയിച്ചു. ഇതേപ്പറ്റി മനസുതുറക്കുകയാണ് കെഎൽ രാഹുൽ ഇപ്പോൾ. എന്തുകൊണ്ടാണ് തനിക്കെതിരെ മാത്രം ഇത്രയും വിമർശനങ്ങൾ ഉയരുന്നത് എന്ന് മനസ്സിലാവുന്നില്ല എന്ന് രാഹുൽ പറയുന്നു.

തനിക്കെതിരെ ഒരുപാട് വിമർശനങ്ങൾ നിരന്തരം വരാറുണ്ടെന്നും, എല്ലാ മത്സരത്തിലും എല്ലാ സാഹചര്യങ്ങളിലും തന്റെ പ്രകടനത്തെപ്പറ്റി ആളുകൾ മോശം സംസാരിക്കാറുണ്ടെന്നും രാഹുൽ പറയുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ തനിക്കെതിരെ മാത്രം വിമർശനങ്ങൾ എത്തുന്നതെന്ന് തനിക്ക് മനസിലാവുന്നില്ല എന്നാണ് രാഹുൽ പറയുന്നത്. പല സമയത്തും അത്ര മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിട്ടും ഇത്തരത്തിൽ വിമർശനങ്ങൾ ഉയരുന്നത് ഒരുപാട് വേദനയുണ്ടാക്കുന്നുണ്ട്എന്നും രാഹുൽ സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഏതാനും സീസണുകളായി ഇന്ത്യക്കായി മികവാർന്ന പ്രകടനങ്ങൾ തന്നെയാണ് രാഹുൽ കാഴ്ച വെച്ചിട്ടുള്ളത്. ഏഷ്യാകപ്പ് ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പരിക്ക് മൂലം രാഹുൽ കളിച്ചിരുന്നില്ല. എന്നാൽ തിരികെയെത്തി കളിച്ച മൂന്ന് ഇന്നിങ്സുകളിൽ നിന്ന് 84.5 റൺസ് ശരാശരിയിൽ 169 റൺസ് സ്വന്തമാക്കാൻ രാഹുലിന് സാധിച്ചിരുന്നു. ശേഷം ലോകകപ്പിലും രാഹുൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

“ഒരു പരിക്കിലൂടെ കടന്നു പോകുമ്പോൾ ഒരുപാട് വേദനയാണ് നമ്മൾ അനുഭവിക്കേണ്ടി വരുന്നത്. ഐപിഎൽ സമയത്തായിരുന്നു എനിക്ക് പരിക്കേറ്റത്. ശേഷം 4-5 മാസങ്ങൾ എനിക്ക് നഷ്ടപ്പെട്ടു. ലോകകപ്പ് ടീമിൽ കളിക്കാൻ സാധിക്കുമോ എന്ന് പോലും എനിക്ക് 100% ഉറപ്പില്ലായിരുന്നു. അതെന്റെ ക്രിക്കറ്റ് ജീവിതത്തിലെ വളരെ പ്രയാസമേറിയ സമയമായിരുന്നു.”

– രാഹുൽ കൂട്ടിച്ചേർക്കുന്നു.

പരിക്കിൽ നിന്ന് തിരിച്ചെത്തിയ ശേഷം വളരെ വ്യക്തമായ രീതിയിൽ മനസ്സ് പാകപ്പെടുത്താൻ തനിക്ക് സാധിച്ചു എന്ന് രാഹുൽ പറയുന്നു. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ മുതൽ ലോകകപ്പ് നേടാൻ സാധിക്കണം എന്ന വിചാരം മാത്രമാണ് മനസ്സിലുള്ളത് എന്നും രാഹുൽ പറയുന്നു. ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാരെ സംബന്ധിച്ചും ലോകകപ്പ് നേടുക എന്നത് മാത്രമാണ്  ലക്ഷ്യമെന്നും, ഒരു ക്രിക്കറ്റർക്ക് തങ്ങളുടെ നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുക എന്നത് സ്വപ്നസമാനമാണെന്നും രാഹുൽ പറഞ്ഞുവെക്കുന്നു.

You Might Also Like