തര്‍ക്കിച്ചിട്ടുണ്ട്, വാദിച്ചിട്ടുണ്ട്, അതിലേറെ ആഗ്രഹിച്ചിട്ടുണ്ട്, സഞ്ജുവിന് ആശംസകളുമായി മലയാളക്കര

Image 3
CricketCricket News

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടംപിടിച്ച മലയാളി താരം സഞ്ജു സാംസണിന് ആശംസകള്‍ നേര്‍ന്ന് മലയാളക്കര. കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ സഞ്ജുവിന് ആശംസ നേര്‍ന്ന് രംഗത്തെത്തി. സുനില്‍ വത്സന്‍, എസ് ശ്രീശാന്ത് എന്നിവര്‍ക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരം കൂടിയാണ് സഞ്ജു. താരത്തിന്റെ ആദ്യ ലോകകപ്പാണിത്.

‘ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. നമ്മുടെ കേരളത്തിനാകെ അഭിമാനകരമായ നേട്ടം കൈവരിച്ച സഞ്ജുവിന് ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തുന്ന പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെയാകെ അഭിമാനമായി സഞ്ജുവിന് മാറാന്‍ സാധിക്കട്ടെയെന്നും ആശംസിക്കുന്നു’, മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ടി20 ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ നമ്മുടെ അഭിമാനം സഞ്ജു സാംസണ്‍, ആശംസകള്‍’, എന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘മലയാളികളുടെ അഭിമാനവും ആവേശവും പ്രതീക്ഷയുമായ സഞ്ജു സാംസണ്‍ ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുവാനും ലോകത്തിന്റെ ശ്രദ്ധയാര്‍ജ്ജിക്കാനും പ്രിയപ്പെട്ട സഞ്ജുവിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു’, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

‘തര്‍ക്കിച്ചിട്ടുണ്ട്, വാദിച്ചിട്ടുണ്ട്. അതിലേറെ ആഗ്രഹിച്ചിട്ടുണ്ട് ഓരോ മലയാളിയും’, എന്നാണ് സഞ്ജുവിന് ആശംകള്‍ നേര്‍ന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘അഭിമാനമാണ് സഞ്ജു. ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു’, മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറയുന്നു. ‘അഭിനന്ദനങ്ങള്‍, സഞ്ജു സാംസണ്‍. നമ്മള്‍ ജയിക്കും!’, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചു.