പന്തിന്റെ മോഹം പൊലിഞ്ഞു, ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചു

Image 3
CricketCricket News

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ഇതുവരെ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. രോഹിത്ത് ശര്‍മ്മയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം തട്ടിയെടുത്ത ഹാര്‍ദ്ദിക്കിന് നിലവില്‍ മുംബൈയെ ഒന്‍പതാം സ്ഥാനത്താണ് എത്തിക്കാനായിരിക്കുന്നത്. ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് മത്സരമായിരുന്നു മുംബൈയ്ക്ക് ജയിക്കാനായത്.

എന്നാല്‍ ഈ പരാജയങ്ങളും മോശം പ്രകടനവും തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും ഹാര്‍ദ്ദിക്കിന് തിരിച്ചടിയായില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയെ തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു.മുംബൈയില്‍ അപമാനിക്കപ്പെട്ട രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.

മോശം ഫോമിലുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം മറ്റൊരു ഉപനായകനെ ഇന്ത്യ പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന് പകരം റിഷഭ് പന്തിനെ ഉപനായകനാക്കാനായിരുന്നു ഇന്ത്യന്‍ സെലക്ടേഴ്‌സിന്റെ ആലോചന.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ഫോം അനുസരിച്ച് പാണ്ഡ്യയേക്കാള്‍ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നത്. എന്നാല്‍ പാണ്ഡ്യയുടെ മോശം ഫോമും മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനവും ടീം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ലെന്നുവേണം കരുതാന്‍.