എറിഞ്ഞുവീഴ്ത്തി, സര്‍വ്വീസസ് മുന്‍നിര തകര്‍ത്ത് കേരളം ഡ്രൈവിംഗ് സീറ്റിയില്‍

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ സര്‍വ്വീസസിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സര്‍വ്വീസസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം അവശേഷിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327 റണ്‍സിനൊപ്പമെത്താന്‍ സര്‍വ്വീസസിന് 160 റണ്‍സ് കൂടി വേണം.

അര്‍ധ സെഞ്ച്വറി നേടിയ രവി ചുഹാന്‍ ആണ് സര്‍വ്വീസസിനായി പൊരുതിയത്. 114 പന്തില്‍ മൂന്ന് ഫോറടക്കം 50 റണ്‍സാണ് ചുഹാന്‍ നേടിയത്. മത്സരം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ അവശേഷിക്കെ ക്യാപ്റ്റന്‍ സിജുമോന്‍ ജോസഫ് ചുഹാനെ എല്‍ബിയില്‍ കുടുക്കി ആ ഭീഷണി ഒഴിവാക്കുകയായിരുന്നു. രോഹില്ല (31), സുഫിയാന്‍ ആലം (18), രാഹുല്‍ സിംഗ് (19), രജിത് പലിവാല്‍ (11), എല്‍എസ് കുമാര്‍ (12) എന്നിങ്ങനെയാണ് പുറത്തായ മറ്റ് സര്‍വ്വീസസ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

10 റണ്‍സുമായി പുല്‍കിത്ത് നരാംഗും എട്ട് റണ്‍സുമായി എംഎസ് രതിയുമാണ് സര്‍വ്വീസസ് നിരയില്‍ ക്രീസില്‍. കേരളത്തിനായി വൈശാഖ് ചന്ദ്രനും ജലജ് സക്‌സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് എം, സിജുമോന്‍ ജോസഫ് എന്നവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബിയുടേയും അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സിജുമോന്‍ ജോസഫിന്റേയും മികവിലാണ് കേരളം തരക്കേടില്ലാത്ത ഒന്നാം ഇന്നിംഗ്സ് സ്‌കോറിലെത്തിയത്. കേരളത്തിനായി 308 പന്തുകളില്‍ നിന്ന് 12 ഫോറും ഒരു സിക്സും സഹിതം സച്ചിന്‍ ബേബി 159 റണ്‍സെടുത്തു. അനായാസം ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സച്ചിന്‍ ബേബി റണ്ണൗട്ടില്‍ കുടുങ്ങുകയായിരുന്നു. ഇത് കൂറ്റന്‍ സ്‌കോറന്നെ കേരളത്തിന്റെ മോഹത്തിന് വിലങ്ങുതടിയായി മാറി.

ക്യാപ്റ്റന്‍ സിജുമോന്‍ ജോസഫ് 182 പന്തില്‍ ആറ് ഫോറടക്കം 55 റണ്‍സും സ്വന്തമാക്കി. ഇരുവരും ഏഴാം വിക്കറ്റില്‍ വിലപ്പെട്ട 131 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് കേരളത്തിന്റെ തകര്‍ച്ച അതിവേഗമായിരുന്നു. റണ്‍സൊന്നും എടുക്കാതെ ബേസില്‍ തമ്പിയും 11 റണ്‍സെടുത്ത നിതീഷും പെട്ടെന്ന് പുറത്തായി. നാല് റണ്‍സെടുത്ത വൈശാഖ് ചന്ദ്രന്‍ പുറത്താകാതെ നിന്നു.

നേരത്തെ ആദ്യ ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. ഒരു ഘട്ടത്തില്‍ 19 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പിന്നാലെയാണ് പിന്‍നിര ബാറ്റര്‍മാരെ കൂട്ടുപിടിച്ച് സച്ചിന്‍ ബേബി കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുവന്നത്. സല്‍മാന്‍ നിസാര്‍ 97 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 42ഉം അക്ഷയ് ചന്ദ്രന്‍ 72 പന്തില്‍ നാല് ഫോറടക്കം 32ഉം റണ്‍സെടുത്തത് രാഹുല്‍ പി (0), ജലജ് സക്‌സേന (8), രോഹണ്‍ പ്രേം (1), വത്സല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് കേരള ബാറ്റര്‍മാര്‍.

സര്‍വ്വീസസിനായി പത്താനിയയും പുനിയയും എംഎസ് രതിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗുലേരിയയും പില്‍വാലും നരാംഗും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

You Might Also Like